ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തില്‍ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്, കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു, അങ്ങനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ തങ്ങളുടെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരു കൊല്ലപ്പെട്ട സംഭവം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതായി ദക്ഷിണ കന്നഡ ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി വി.സുനില്‍ കുമാര്‍ പറഞ്ഞു.
ബിജെപിയുടെ യുവനേതാവും നിരപരാധിയുമായ പ്രവീണ്‍ ബെല്ലാരെയുടെ നേരെ നടന്ന ആക്രമണവും കൊലപാതകവും അപലപനീയമാണ്. ഇത് കണ്ടിട്ട് സര്‍ക്കാരിന് മിണ്ടാന്‍ കഴിയില്ലെന്നും പോലീസ് സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സംഭവം ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ഒരു സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. പ്രവീണ്‍ വധത്തില്‍ ആരും പ്രകോപിതരാകേണ്ടതില്ല. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങള്‍ സമാധാന പ്രേമികളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: