ന്യൂദല്‍ഹി: 28,732 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്കി. ആയുധങ്ങള്‍ പ്രയോഗിക്കാവുന്ന ഡ്രോണുകള്‍, യന്ത്രത്തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്നിവ വാങ്ങുന്നതിനാണ് അനുമതി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതിയാണ് തീരുമാനമെടുത്തത്.
അതിര്‍ത്തിയിലെ ദൗത്യങ്ങളിലും നേരിട്ടുള്ള ഭീകരവിരുദ്ധ സൈനിക നടപടികളിലും ഭാഗമാകുന്ന സൈനികര്‍ക്കായി സ്നിപ്പര്‍ തോക്കുകളില്‍ നിന്നടക്കം സംരക്ഷണം നല്കുന്ന ഗുണമേന്മയേറിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കരാര്‍ വഴി സൈനിക വിഭാഗങ്ങള്‍ക്ക് ലഭ്യമാകും. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന നാലു ലക്ഷം യന്ത്രത്തോക്കുകള്‍ വാങ്ങാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന നടപടി.
ചൈനീസ് അതിര്‍ത്തിയിലേക്കും പാക് നിയന്ത്രണരേഖയിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ഈ തോക്കുകള്‍ ലഭ്യമാക്കും. ഇതിന് പുറമേയാണ് നിരീക്ഷണ ഡ്രോണുകളും ആയുധമുപയോഗിക്കാവുന്ന ഡ്രോണുകളും വാങ്ങുന്നത്. പതിനാല് അതിവേഗ പട്രോളിങ് വെസ്സലുകള്‍ വാങ്ങാനുള്ള കോസ്റ്റ് ഗാര്‍ഡ് ശിപാര്‍ശയ്ക്കും നാവികസേനയ്ക്കായി 1250 കിലോവാട്ട് ശേഷിയുള്ള മറൈന്‍ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്റര്‍ വാങ്ങാനുള്ള ശിപാര്‍ശയ്ക്കും സമിതി അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: