കണ്ണൂര്‍: കേരളത്തില്‍ മറ്റെവിടെയും തെരഞ്ഞെടുപ്പ് ഇല്ലാത്ത കാലത്താണ് മട്ടന്നൂരില്‍ കാലങ്ങളായി നഗരസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1990 ല്‍ മട്ടന്നൂര്‍ പഞ്ചായത്തിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയെങ്കിലും എതിര് കക്ഷികളിലെ ഒരു വിഭാഗം ആളുകള്‍ നിരന്തരം ഇതിനെ എതിര്‍ക്കുകയും ഇത് നിര്‍ത്തലാക്കണമെന്ന് വാദിക്കുകയും ചെയ്തു. ഒരു നഗരസഭയ്ക്കുള്ള ഭൗതികസാഹചര്യങ്ങള്‍ മട്ടന്നൂര്‍ നഗരസഭക്ക് ഇല്ലെന്നും ഇത് ജനങ്ങളെ നികുതി ഭാരം കൂട്ടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും എതിര്‍പ്പ് ഉയര്‍ന്നത്.
1991ല്‍ സംസ്ഥാന ഭരണമാറ്റം സംഭവിച്ചപ്പോള്‍ വീണ്ടും മട്ടന്നൂര്‍ പഞ്ചായത്തായി മാറി. ഇതിനെതിരെ പല പ്രക്ഷോഭങ്ങളും കേസുകളുണ്ടായി. ഈ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തോളം മട്ടന്നൂര്‍ ഭരണ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ മട്ടന്നൂര്‍ വീണ്ടും നഗരസഭയായി മാറി. പഞ്ചായത്തും നഗരസഭയും അല്ലാത്ത അനിശ്ചിതത്വം കൊണ്ട് മറ്റ് തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ പോയതുകൊണ്ട് ഇവിടെ പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. 1997ലാണ് ആദ്യമായി മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്.
നഗരസഭ രൂപീകരിച്ചശേഷം 5 തവണയും എല്‍ഡിഎഫ് വിജയം നേടിയ നഗരസഭയാണ് മട്ടന്നൂര്‍. 2017ല്‍ 9 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി സെപ്തംബര്‍ 10 വരെയാണ്. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ നിലവിലെ നഗരസഭ അധ്യക്ഷ അനിതാ വേണുവാണ്. ആകെ 35 സീറ്റുള്ള നഗരസഭയില്‍ സിപിഎം-25 സീറ്റും സിപിഐ-1, ജനതാദള്‍-1, ഐ എന്‍ എല്‍-1 കോണ്‍ഗ്രസ്-4, മുസ്ലിം ലീഗ് 3, എന്നിങ്ങനെയാണ് കക്ഷി നില.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നഗരസഭയില്‍ നടക്കുമെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്നുറപ്പാണ്.
വര്‍ഷങ്ങളായി നഗരസഭ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഭരണത്തില്‍ മട്ടന്നൂര്‍ നഗരം ഉള്‍പ്പെടെയുളള നഗരസഭാ പരിധിയില്‍ വികസന പിന്നോക്കാവസ്ഥ നിലനില്‍ക്കുകയാണ്. കൂടാതെ സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരവും കോണ്‍ഗ്രസിനകത്തെ ശൈഥില്യവും എന്‍ഡിഎ മുന്നണിക്ക് നഗരസഭയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം. പത്രികാ സമര്‍പ്പണം ഇന്നലെ ആരംഭിച്ചു. പട്ടിക സ്വീകരിക്കുന്ന അവസാനദിവസം ആഗസ്ത് 2 ആണ്. 20നാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: