എല്ലാ ജനാധിപത്യ രാജ്യത്തും ഏറിയും കുറഞ്ഞും മാധ്യമ വിചാരണ വിമര്‍ശന വിധേയമായിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടുകൂടി നീതിന്യായ നിര്‍വഹണത്തെ മാധ്യമ വിചാരണ സ്വാധീനിക്കുന്നുവെന്ന പരാതി വ്യാപകമായി. അടുത്ത ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എം.വി രമണ ഈ ആക്ഷേപം പരസ്യമായി ഉന്നയിച്ചിരുന്നു. മാധ്യമങ്ങള്‍ കങ്കാരുകോടതികളെപ്പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഗ്യവശാല്‍ അച്ചടി മാധ്യമങ്ങള്‍ താരതമ്യേന ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഈ ജാഗ്രതയുടെ ഒരു കാരണം അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരോ പ്രശ്നത്തെയും വിലയിരുത്താന്‍ കിട്ടുന്ന സമയം തന്നെയാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദൃശ്യ മാധ്യമങ്ങളും അവ തമ്മിലുള്ള കിടമത്സരവും ഒരോ പ്രശ്നത്തെയും നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിലയിരുത്താനുള്ള സമയം ഇല്ലാതാക്കുകയും ചെയ്യുന്നു.
കേസ് വാദത്തിന് ഇടയില്‍ ന്യായാധിപന്മാര് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വിധിന്യായവും തമ്മില്‍ വേര്‍തിരിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോകുന്നുമുണ്ട്. മിക്കപ്പോഴും കക്ഷികള്‍ ഉന്നയിക്കുന്ന വാദമുഖങ്ങളുടെ വ്യക്തത വരുത്തുന്നതിന് വേണ്ടി ന്യായാധിപന്മാര് ഉന്നയിക്കുന്ന സംശയങ്ങള്‍ വിധിന്യായമെന്ന മട്ടില്‍ മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ഇത് കാണികളിലും ശ്രോതാക്കളിലും സംശയം ഉളവാക്കുന്നു. ന്യായാധിപന്മാരുടെ ചോദ്യരൂപത്തിലുള്ള സംശയങ്ങള്‍ അന്തിമ വിധിയില്‍ കാണണമെന്ന് തന്നെയില്ല. ഫലത്തില്‍ ഇല്ലാത്ത വിധിയെക്കുറിച്ച് ഉണ്ടാക്കിയെടുക്കുന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഇതിന് പുറമെ മാധ്യമങ്ങളുടെ ചര്‍ച്ച എന്ന് പറയുന്നത് വ്യക്തികളുടെ വാക്പോരായി മാറുന്നു. ഒരോ രാഷ്ട്രീയ കക്ഷിയെയും പ്രതിനിധീകരിച്ച് നിയുക്തരാകുന്ന വ്യക്തികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും നിയമപരമായ ഉള്‍ക്കാഴ്ച ശ്രോതാക്കള്‍ക്കോ കാണികള്‍ക്കോ ഉണ്ടാകുന്നില്ല. എളുപ്പത്തില്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്നതുകൊണ്ട് ഓരോ രാഷ്ട്രീയ കക്ഷികളുടെ വക്താവാകാന്‍ നേതാക്കള്‍ മത്സരിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വക്താവ് പാര്‍ട്ടി നയത്തെ വേണ്ടപോലെ സമര്‍ത്ഥിച്ചില്ല എന്ന് പരസ്പരം ആക്ഷേപം ഇല്ലാതിരിക്കാന്‍ വേണ്ടി സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്താന്‍ ഭയപ്പെടാറും ഉണ്ട്.
മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരം കാരണം കോടതിയുടെ അഭിപ്രായ പ്രകടനം വിധിന്യായമെന്ന മട്ടില്‍ മാധ്യമ വിചാരത്തിന് വിധേയമാകുന്നു. ഇതിന് പുറമെ നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ അസഹ്യമായ കാലതാമസവും ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തുന്നു. കേരളത്തില്‍ നിന്നു തന്നെ ഏറ്റവും നല്ല ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണം നടക്കുമ്പോള്‍ നിയമസഭയില്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങളും ഒരു നല്ല ഉദാഹരണമാണ്. ഇന്നും ആ പ്രശ്നം ഒരു തീരുമാനത്തില്‍ എത്താതെ തുടരുകയാണ്. പൊതുസ്വത്ത് നശിപ്പിച്ചതിന്റെ പേരില്‍ അന്നത്തെ സ്പീക്കര്‍ തന്നെ പരാതിക്കാരനായി ഉണ്ടായ കേസാണിത്. ഒരോഘട്ടത്തിലും സുപ്രീം കോടതി വരെ കേസില്‍ ഉള്‍പ്പെട്ട പ്രശ്നങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. സുപ്രീം കോടതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു വേണ്ടി പ്രത്യേക കോടതിയെയും നിയോഗിച്ചു. എന്നിട്ടും കേസിന്റെ വിചാരണ വേഗത്തില്‍ നടത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല പൊതുസ്വത്ത് നശിപ്പിച്ചതിന് ഉത്തരവാദികളായ നേതാക്കള്‍ വലിയ തോതില്‍ ധാര്‍മിക പ്രശ്നത്തെ പറ്റിയെല്ലാം പറയുന്നത് പരിഹാസത്തോടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയുമാണ്. സ്പീക്കറുടെ കസേര എടുത്ത് നിലത്ത് എറിയുകയും മൈക്ക് തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്നത് ആളുകള്‍ നേരിട്ടു കണ്ടതാണ്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഏത് കുറ്റത്തിനും രണ്ട് വര്‍ഷത്തിലെറെ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധിയാകാന്‍ അയോഗ്യത വരുന്നതാണ്. അങ്ങനെ നിയമപ്രകാരം അയോഗ്യരാകേണ്ടവര്‍ പിന്നീട് സ്പീക്കര്‍മാരും മന്ത്രിമാരും ഒക്കെയായി വിരാജിക്കുകയാണ്. ഇത് നിയമവാഴ്ചയെത്തന്നെ പരിഹാസ്യമാക്കുന്നു. തന്നെയല്ല ഇപ്പോഴത്തെ കോടതിയലക്ഷ്യ നിയമം അനുസരിച്ച് ഇത്തരം പൊതുപ്രശ്നം ചര്‍ച്ചചെയ്യപ്പെടാതെ പോയാല്‍ ഫലത്തില്‍ ഒരു പരിഹരവും ഉണ്ടാവുകയുമില്ല. ഇരുപതും മുപ്പതും കൊല്ലമായി തീരാത്ത കേസുകള്‍ ഇങ്ങനെ കോടതികളില്‍ കെട്ടികിടക്കുകയാണ്. അയോഗ്യരാകേണ്ട ജനപ്രതിനിധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതെപോകുന്നു. രാഷ്ട്രീയത്തെ കുറ്റവാളികളില്‍ നിന്നു മോചിപ്പിക്കണമെന്ന് ഇടയ്ക്കിടെ കോടതികളില്‍ നിന്ന് അഭിപ്രായ പ്രകടനം ഉണ്ടാകുന്നതല്ലാതെ ഫലപ്രദമായ ഒരു പരിഹാരവും സാധ്യമാകുന്നില്ല.
ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അപ്പീല്‍കൊടുത്ത് ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നു. അപ്പീല്‍ കൊടുക്കാനുള്ള സമയം നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി മരണം വരെ ജനപ്രതിനിധിയായി തുടരാനും പറ്റും. അബദ്ധത്തിന് ജയലളിതയെപ്പോലെയുള്ള ചില നേതാക്കള്‍ ശിക്ഷിക്കപ്പെട്ടെന്നും വരാം. പക്ഷെ ഇന്ത്യയില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെട്ട് തെരഞ്ഞെടുപ്പ് രംഗത്തു നിന്നു രാഷ്ട്രീയ നേതാക്കളെ മാറ്റാന്‍ കഴിയും എന്നത് വെറും വ്യാമോഹമാണ്. കേന്ദ്രത്തില്‍ ഉള്‍പ്പെടെ പ്രയോഗിക്കപ്പെടുന്ന മുന്നണി രാഷ്ട്രീയം അഴിമതി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നിന്നു രക്ഷനേടാന്‍ രാഷ്ട്രീയക്കാരെ സഹായിക്കുന്നുമുണ്ട്. ഇതിന്റെ പരിണിതഫലം നിയമവാഴ്ചയില്‍ത്തന്നെ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതാകുന്നുവെന്നതാണ്. അധികാരം കയ്യാളുന്ന എല്ലാവരും താല്‍ക്കാലിക ലാഭത്തിന് വേണ്ടി നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് ഇന്നത്തെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: