ബംഗാളില്‍ പതിനൊന്ന് വര്‍ഷമായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. മമതയുടെ സര്‍ക്കാരില്‍ വാണിജ്യ-വ്യവസായ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാവുകയും ഇയാളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് അടുപ്പക്കാരിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് ഇരുപത്തിയൊന്നു കോടി വരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ മെഷീനുകള്‍ കൊണ്ടുവരേണ്ടിവന്നു. അര്‍പ്പിതയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതി സംബന്ധിച്ച എല്ലാ വിവരങ്ങളുമുണ്ട്. പണം വാങ്ങി ആരെയൊക്കയാണ് നിയമിച്ചത്, ഈ പണം ശേഖരിക്കേണ്ടത് ആരൊക്കെയാണ്, അഴിമതിപ്പണം ആരെയാണ് ഏല്‍പ്പിക്കേണ്ടത് എന്നൊക്കെയുള്ള വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രമല്ല ഇതിന്റെ ഉത്തരവാദിത്വം. വലിയൊരു ശൃംഖല തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ സഹായത്താലാണ് ഈ വന്‍ അഴിമതി നടത്തിയിട്ടുള്ളത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനു പിന്നാലെ അര്‍പ്പിത മുഖര്‍ജിയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വരികയാണ്. അഴിമതി സംബന്ധിച്ച പല വിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതുതന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നതെന്ന് വിചാരിച്ച് കേരളത്തിലെ അഴിമതിക്കാരായ ചില ഭരണാധികാരികളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. അവര്‍ പരക്കംപായാന്‍ തുടങ്ങിയിരിക്കുന്നു.
മമതയുടെ മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പാര്‍ത്ഥ ചാറ്റര്‍ജി തൃണമൂലിന്റെ സെക്രട്ടറി ജനറലുമായിരുന്നു. കൊല്‍ക്കത്തയില്‍ അഴിമതിപ്പണത്തിലൂടെ സ്വന്തം പേരിലും ബിനാമിയായും നിരവധി ഫ്‌ളാറ്റുകള്‍ ചാറ്റര്‍ജി വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയിലൊന്നില്‍ ചാറ്റര്‍ജിയുടെ പട്ടി മാത്രമാണേ്രത താമസിച്ചിരുന്നത്! ഈ ഭരണാധികാരി വെറുമൊരു അഴിമതിക്കാരനല്ല, ബോളിവുഡ് സിനിമകളിലും മറ്റും കാണുന്നതുപോലെ വലിയൊരു കൊള്ളക്കാരന്‍ തന്നെയാണെന്ന് കരുതേണ്ടിവരും. എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായതോടെ മൂന്നുതവണയാണ് ചാറ്റര്‍ജി മുഖ്യമന്ത്രി മമതയെ ഫോണില്‍ വിളിച്ചത്. അപകടം തിരിച്ചറിഞ്ഞ മമത ഫോണെടുത്തില്ല. സ്വന്തം മന്ത്രിക്കെതിരെ ഇത്ര വലിയ അഴിമതി പുറത്തുവരികയും കോടിക്കണക്കിനു രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടും തനിക്ക് ഇതിലൊന്നും പങ്കില്ലെന്ന് ഭാവിക്കുകയാണ് മമത. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നാണ് അവര്‍ പ്രതികരിച്ചത്. എന്നാല്‍ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറല്ല. പകരം അന്വേഷണ ഏജന്‍സിയെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തുകയാണ്. ചാറ്റര്‍ജിയെ രാജിവയ്‌പ്പിച്ചാല്‍ അഴിമതിയുടെ നടുക്കുന്ന പല വിവരങ്ങളും വെളിപ്പെടുമെന്ന കാര്യം മമതയെ ഭയപ്പെടുത്തുന്നു. അഴിമതി നടത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് അനുമതി നല്‍കുന്നതും അഴിമതിപ്പണം എങ്ങനെയൊക്കെയാണ് പങ്കുവയ്‌ക്കേണ്ടതെന്നും പറയുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് കുനാല്‍ ഘോഷിന്റെ ഒരു വീഡിയോ കുറച്ചുകാലം മുന്‍പ് പുറത്തുവന്നിരുന്നു. ഭരണത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെയാണ് അധ്യാപക നിയമന അഴിമതിയും നടന്നിട്ടുള്ളതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റിലായപ്പോള്‍ സിബിഐ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയയാളാണ് മമത. ഈ കേസില്‍ തെളിവു നശിപ്പിച്ച പോലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായപ്പോഴും മമത പ്രകോപിതയാവുകയുണ്ടായി. രാഷ്‌ട്രീയപ്പക തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നു എന്ന ആരോപണമുന്നയിച്ചാണ് സ്വന്തം പദവിക്കു ചേരാത്ത വിധം ഇങ്ങനെയൊക്കെ ചെയ്തത്. എന്നാല്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ മമത കുടുങ്ങിയിരിക്കുകയാണ്. ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇത് മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണെന്നും ഇത്തരം വന്‍ അഴിമതികളില്‍ മമതയ്‌ക്കു പങ്കുണ്ടെന്നുമുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. നിയമത്തിന്റെ പിടിയിലായ പാര്‍ത്ഥ ചാറ്റര്‍ജിയെ രക്ഷപ്പെടുത്താന്‍ മമത രംഗത്തിറങ്ങാത്തതിന്റെ കാരണവും മറ്റൊന്നല്ല. ചാറ്റര്‍ജിയെ ബലിയാടാക്കി വന്‍ അഴിമതിക്കാരനും പാര്‍ട്ടിയില്‍ അനന്തരാവകാശിയായി വാഴിക്കുകയും ചെയ്തിരിക്കുന്ന അഭിഷേക് ബാനര്‍ജിയെ രക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടികളെടുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തുകൊണ്ട് വിമര്‍ശിക്കുന്നു എന്നതിന്റെ ഉത്തരവും കൊല്‍ക്കത്തയില്‍നിന്ന് ലഭിക്കുന്നു. ഇക്കൂട്ടര്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിയുന്നതിന്റെ കാരണവും വ്യക്തമാണ്. സുപ്രീംകോടതി പോലും റദ്ദാക്കാന്‍ വിസമ്മതിച്ച നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയയെയും രാഹുലിനെയും ചോദ്യം ചെയ്യുന്നതിനാണല്ലൊ കോണ്‍ഗ്രസ്സുകാര്‍ ബഹളമുണ്ടാക്കുന്നത്. ഇതിനൊന്നും മുന്നില്‍ മോദി സര്‍ക്കാര്‍ പതറാന്‍ പോകുന്നില്ല. അഴിമതിക്കാര്‍ അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പിടിവീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: