ന്യൂദല്‍ഹി: ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വലംകൈയായ നടിയും ഗായികയുമായ അര്‍പിത മുഖര്‍ജിയുടെ കറുത്ത ഡയറി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഇഡി ഹരിദേബ് പൂരിലെ ഫ്ളാറ്റില്‍ നിന്നും ഇഡി കണ്ടെടുത്ത ഈ കറുത്ത ഡയറിയുടെ മുകളില്‍ എഴുതിയിരിക്കുന്ന തലക്കെട്ട് തന്നെ “സ്കൂള്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ വകുപ്പ്” എന്നാണ്.
ഇതിന് പുറമെ ഒട്ടേറെ വ്യാജപ്പേരുകളിലുള്ള സ്ഥാപനങ്ങളുടെ പേരുകളും ഈ ഡയറിയില്‍ ഉണ്ട്. പണ്ട് മമതയ്ക്ക് ഏറ്റവും വലിയ തലവേദനയായ ശാരദാ ചിട്ടികേസില്‍ സുദീപ്ത സെന്നിന്റെ ചുവന്ന ഡയറി കണ്ടെടുത്തതാണ് കേസിന്റെ ഗതി തിരിച്ചത്. ഒട്ടേറെപ്പേരുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ ശാദരാ ചിട്ടി വിവാദത്തില്‍ കണ്ടെത്തിയ ഡയറിയില്‍ ഉണ്ടായിരുന്നു. ഈ കറുത്ത ഡയറി ഇഡി പഠിച്ചുവരികയാണ്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
ഇതിന് പുറമെ അര്‍പ്പിതയുടെ വീട്ടില്‍ നിന്നും ഏതാനും ആധാരങ്ങളും ഇഡി കണ്ടെടുത്തു. കോടികള്‍ വില വരുന്ന വസ്തുക്കളുടെ രേഖകളാണിവ. വില പിടിച്ച നഗരപ്രദേശങ്ഹളിലെ ഫ്ലാറ്റുകളും ബഹുനില ടവറുകളുടെയും വിനോദ വ്യവസായത്തിലെ ചില കേന്ദ്രങ്ങളുടെയും ആധാരങ്ങളാണിവ. 20.20 കോടി രൂപയും 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 60 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും പിടിച്ചിരുന്നു.
സാധാരണ ഇഡിയ്ക്കെതിരെ ചാടിക്കടിക്കുന്ന തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര പോലും മിണ്ടിയിട്ടില്ല. വാസ്തവത്തില്‍ മമത തന്നെ തന്റെ അനുയായിയാണെങ്കിലും വളഞ്ഞ വഴിയില്‍ പോകുന്ന പാര്‍ത്ഥയെ തളയ്ക്കണമെന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇഡിയുടെ റെയ്ഡിന് പിന്നില്‍ മമതയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നെന്നും പറയുന്നു.
അഭിനയ ജീവിതത്തില്‍ അത്രവലിയ സൂപ്പര്‍ താരമൊന്നുമായിരുന്നില്ല അര്‍പിത. ആദ്യം ഒഡിയ, ബംഗാളി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് ബംഗാളി ഭാഷയില്‍ മാത്രമായി. അതിനിടയില്‍ പാര്‍ത്ഥ ചാറ്റര്‍ജിയുമായുള്ള ചങ്ങാത്തം ഈ നടിയെ കരുത്തയും അതിവേഗം സമ്പന്നയും ആക്കിമാറ്റിയിരുന്നു. സ്കൂള്‍ അധ്യാപികമാരുടെ നിയമനത്തിന് വേണ്ടിയാണ് 20.20 കോടി രൂപ നോട്ടുകളായി തന്നെ അധ്യാപകമോഹികളില് നിന്നും കൈക്കൂലിയായി വാങ്ങിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: