കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി പകര്‍പ്പ് വേണമെന്ന് പറയാന്‍ സോളാര്‍ കേസിലെ പ്രതിക്ക് എന്ത് അവകാശമെന്ന് ഹൈക്കോടതി. സരിത എസ് നായരുടെ അഭിഭാഷകനോടാണ് ഈ കേസില്‍ നിങ്ങള്‍ക്ക് എന്ത് താല്‍പര്യമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചത്. സ്വപ്‌ന എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു സരിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസുമായി ബന്ധമില്ലാത്ത ആള്‍ക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്ന് ഹര്‍ജി പരിഗണിച്ച കോടതി നിലപാട് എടുത്തു. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് സരിതയുടെ ഹര്‍ജി പരിഗണിച്ചത്.
നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ഹര്‍ജി വിധി പറയാന്‍ മാറ്റി. രഹസ്യമൊഴിയില്‍ തന്നെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പകര്‍പ്പിനായി എറണാകുളം സെഷന്‍സ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹരജിയിലെ നിയമപ്രശ്‌നം പരിഹരിക്കാന്‍ ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം നല്‍കുന്ന മൊഴി പൊതുരേഖയാണോ എന്ന നിയമ പ്രശ്‌നം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ ചുമതലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക