കൊല്ലം: ദ്രൗപദീ മുര്മൂവിലെ മുര്‍മൂ എന്ന വാക്കിനെ സംബന്ധിച്ച് കേരളീയര്‍ക്ക് നല്ല ധാരണയില്ലെന്ന് മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. ജോണ്‍. 1855-56ലെ സാന്താള്‍ കലാപത്തിലെ നേതാക്കന്മാരെ ബ്രിട്ടീഷുകാര്‍ വിളിച്ചത് മുര്മൂസഹോദരന്മാര് എന്നാണ്. മുഖ്യധാരാസമരങ്ങള്ക്കെത്രയോ മുമ്പേ ആദിവാസി സഹോദരന്മാര് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു.
അതില്‍ നിന്നൊരാളെ തെരഞ്ഞെടുക്കുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം അത് മനസിലാക്കേണ്ടതല്ലേ. ഇപ്പോള്‍ കേരളത്തില്‍ മൈക്രോസ്കോപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വോട്ട് ആരുചെയ്തു എന്നറിയാന്‍. ന്യൂനപക്ഷമെന്നാല്‍ മതന്യൂനപക്ഷം മാത്രമല്ല ഭാഷാന്യൂനപക്ഷമാണെന്നും സി.പി.ജോണ്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ‘രാഷ്ട്രീയ സ്വാശ്രയത്വം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളതിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് രാഷ്ട്രീയ സ്വാശ്രയത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സ്വാശ്രയത്വം അതിരുകള്‍ക്കപ്പുറത്ത് നിന്ന് സ്വാംശീകരിക്കാനും സ്വയം വളരാനും കഴിയുന്നതാണ്. ഒരു പൂര്‍ണ വ്യക്തിയാണെങ്കില്‍ പോലും അയാളുടെ ആശയങ്ങള്‍ അപടകരമായതാണെങ്കില് ഭരണഘടനയ്ക്ക് അതില്‍ ഇടപെടാന്‍ കഴിയണം. നമ്മുടെ ഭരണഘടന വൈവിധ്യം നിറഞ്ഞതാണ്.
പാര്‍ട്ടികളില്‍ സ്വാതന്ത്ര്യവും ചര്‍ച്ചയും ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് പലതും അനുഭവിക്കേണ്ടിവരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. നമ്മുടേത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. അതേസമയം ഒരുപാട് ദൗര്‍ബല്യങ്ങളുമുണ്ട്. അടിസ്ഥാനപരമായ വിഷയങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ന്യൂനപക്ഷം എന്ന വിഷയത്തില്‍ വലിയ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്വാശ്രയത്വം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എസ്. അപ്പുക്കുട്ടന് പിള്ള വിഷയാവതരണം നടത്തി. തിരുവനന്തപുരം എംജി കോളജ് ഇക്കണോമിക്സ് വിഭാഗം മുന്‍മേധാവി ഡോ.പി. കൃഷ്ണകുമാര്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. പ്രിയേഷ് നായര്‍ സി.എ. എന്നിവര്‍ ചര്‍ച്ച നയിച്ചു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എന്‍. മോഹനന് പിള്ള, സെക്രട്ടറി സി. ചന്ദ്രശേഖരന്, സംയോജകന്‍ എം.വി. സോമയാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: