ഒളിമ്പിക് സ്വര്‍ണത്തിനു പിന്നാലെ ഇന്ത്യന്‍ കായിക ലോകത്തിന് മറ്റൊരു സ്വപ്‌നതുല്യ നേട്ടം കൂടിയാണ് ഇന്നലെ നീരജ് ചോപ്ര സമ്മാനിച്ചത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ വെള്ളിമെഡലാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ എറിഞ്ഞ് ഈ ഇരുപത്തിനാലുകാരന്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ കായിക രംഗം അടുത്ത കാലത്തു കൈവരിക്കുന്ന കുതിപ്പിനു വേഗം കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഈ നേട്ടം. ലോകചാമ്പ്യന്‍ഷിപ്പില്‍ 19 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് മെഡല്‍ നേടുന്നത്. 2003ല്‍ പാരീസ് ലോകചാമ്പ്യന്‍ഷിപ്പ് ലോങ്ജമ്പില്‍ 6.70 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ മെഡല്‍ വിജയി.
2021 ആഗസ്റ്റ് ഏഴിനായിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയപതാക വാനില്‍ പാറിപ്പറന്നത്. അന്ന് ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് ചോപ്ര ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ ദൂരത്തേക്കാള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നീരജിന്റെ ജാവലിന്‍ കുതിച്ചിരുന്നു. കനത്ത വെല്ലുവിളി മറികടന്നാണ് നീരജിന്റെ നേട്ടമെന്നത് ഏറെ അഭിമാനത്തിനു വക നല്‍കുന്നതാണ്. ആറ് ശ്രമങ്ങളില്‍ മൂന്നും ഫൗളായി. നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ ദൂരം കുറിക്കപ്പെട്ടത്. പ്രതിസന്ധികളിലും തിരിച്ചടികളിലും പതറാതെ പൊരുതാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും ഇന്ത്യന്‍ താരങ്ങള്‍ ആര്‍ജിക്കുന്നതിന്റെ തെളിവായി വേണം ഈ മത്സരബുദ്ധിയെ കാണാന്‍.
ഇതിഹാസതാരങ്ങളായ മില്‍ഖ സിങ്ങിനും പി.ടി. ഉഷയ്‌ക്കുമെല്ലാം ഒളിമ്പിക്‌സ് ഫൈനലില്‍ അവസാന നിമിഷം കാലിടറി മെഡല്‍ നഷ്ടപ്പെട്ടിടത്താണ് അവര്‍ക്കുള്ള ഗുരുദക്ഷിണ പോലെ നീരജ് ചോപ്ര ഒളിമ്പിക്‌സിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് സ്വര്‍ണനേട്ടത്തിനു ശേഷം നീരജ് പറഞ്ഞത് 90 മീറ്റര്‍ പിന്നിടുകയാണ് തന്റെ ലക്ഷ്യമെന്നാണ്. കഴിഞ്ഞ മാസം സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് അതിനടുത്തുവരെ എത്തുകയും ചെയ്തു. ചരിത്രമുറങ്ങുന്ന ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് കുതിച്ചു തുടങ്ങിയ നീരജ് ചോപ്രയുടെ ജാവലിന്‍, ചണ്ഡീഗഢും പട്യാലയും ഒട്ടേറെ വിദേശരാജ്യങ്ങളും പിന്നിട്ട് ഒളിമ്പിക് സ്വര്‍ണത്തിലെത്തി ഇപ്പോഴിതാ അമേരിക്കയിലെ യൂജിനില്‍ വെള്ളിത്തിളക്കത്തോടെ പറന്നിറങ്ങിയിരിക്കുന്നു. കൃത്യമായ പരിശീലനവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മാനസികാവസ്ഥയും ഉണ്ടെങ്കില്‍ ഏതൊരു നേട്ടവും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നീരജിന്റെ ഈ നേട്ടങ്ങള്‍. വരും തലമുറകള്‍ക്ക് ഇതു പ്രചോദനമേകുമെന്നു വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: