തിരുവനന്തപുരം: തോന്നയ്‌ക്കലിലെ കുമാരനാശാന്‍ സ്മാരക ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തര്‍ദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വളര്‍ച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്‌കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാകവി കുമാരനാശാന്റെ 150ാം ജന്‍മവാര്‍ഷികാഘോഷങ്ങളും ഇന്‍സ്റ്റിറ്റിയൂട്ടിലെ ആശാന്‍ സൗധത്തിന്റെ നിര്‍മാണോദ്ഘാടനവും കാവ്യശില്‍പ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങള്‍ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്നു മുഖ്യമന്ത്രി പറഞ്ഞു. ദാര്‍ശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികള്‍ മനുഷ്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചത്.
നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വര്‍ഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്‌ബോധിപ്പിച്ചത് അദ്ദേഹമാണ്. ജാതിയെ നിര്‍മാര്‍ജനം ചെയ്യാതെ സമൂഹത്തില്‍ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
ആധുനിക കാലത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന ‘ചിന്താവിഷ്ടയായ സീത’ ഇന്നാണ് ഉണ്ടാകുന്നതെങ്കില്‍ വര്‍ഗീയമായ എന്തൊക്കെ പുകിലുകളാകാം ഉണ്ടാവുകയെന്നതു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാന്‍ നിന്നിടത്തു നിന്നു നാം മുന്നോട്ടു പോയോ പിന്നോട്ടു പോയോ എന്നു ചിന്തിക്കണം. യാത്ര മുന്നോട്ടുതന്നെയാകണം. അത് ഉറപ്പാക്കുമെങ്കില്‍ അതാകും ആശാനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്മാരക ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശന്റെ കവിതകളിലെ കഥാപാത്രങ്ങള്‍ ചേര്‍ത്ത് പ്രശ്‌സ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ കാവ്യ ശില്‍പം ഒരുക്കിയത്. എം.എല്‍.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രന്‍, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍, കെ. ജയകുമാര്‍, കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പല്ലന ആശാന്‍ സ്മാരക സമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ജെലീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: