വടക്കാഞ്ചേരി: അവണൂരില്‍ പാടശേഖരത്തിനരികില്‍ തമ്പടിച്ച് ആറ്റക്കുരുവിക്കൂട്ടം. ചൂലിശ്ശേരി തോടിനരികിലെ ഏതാനും തെങ്ങുകളിലെഓലത്തുമ്പുകളില് കാറ്റില്‍ തൂങ്ങിയാടുന്ന കിളിക്കൂടുകളും കുഞ്ഞിക്കുരുവികളുമൊക്കെ കൗതുകക്കാഴ്ചയാവുകയാണ്. പ്രദേശത്തെ മൂന്ന് തെങ്ങുകളിലായി നൂറ് കണക്കിന് കൂടുകളാണ് പക്ഷികള്‍ ഒരുക്കിയിട്ടുള്ളത്.
മേഖലയിലെ വിശാലമായ നെല്പാടശേഖരത്തിലാണ് പ്രധാനമായും ഇര തേടല്‍. നെല്‍ച്ചെടികള്‍ക്കു മേലെയിരിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പക്ഷിവര്‍ഗമാണ് ആറ്റക്കുരുവിയെങ്കിലും ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇണയെ കണ്ടെത്തിയ ശേഷം 1500 മുതല്‍ രണ്ടായിരത്തോളം നാരുകള്‍ ശേഖരിച്ച് ആണ്‍പക്ഷിയാണ് കൂടൊരുക്കുന്നത്. പെണ്‍പക്ഷിയുടെ ഇഷ്ടാനുസരണമാണ് സ്ഥലം കണ്ടുപിടിച്ച് നിര്‍മാണം ആരംഭിക്കുക. പെണ്‍പക്ഷി കൂടുനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരിശോധനയ്ക്കെത്തും. പരിശോധനയില്‍ ഏതെങ്കിലും തരത്തില്‍ ബലക്ഷയം കണ്ടെത്തുകയാണെങ്കില്‍ ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ആണ്‍പക്ഷി അടുത്ത കൂടിന്റെ നിര്‍മാണം തുടങ്ങും. ഇതേ പെണ്‍പക്ഷിക്കു വേണ്ടിത്തന്നെ. ആണ്‍പക്ഷിക്ക് മഞ്ഞയും തവിട്ട് നിറം കലര്‍ന്ന തൂവലും തലയില്‍ മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും. പെണ്‍പക്ഷിക്ക് തവിട്ടു നിറമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: