കൊല്‍ക്കത്ത : അറസ്റ്റില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത് ബാങ്ക് ഉദ്യോഗസ്ഥരെ വിൡച്ചു വരുത്തി. അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 21.2 കോടി രൂപ, 54 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്.
പിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ഇത്രയും അധികം തുക കണ്ടെടുത്തതോടെ വെള്ളിയാഴ്ച രാത്രിയോടെ ബാങ്ക് ഉദ്യോഗസ്ഥരെ പണം എണ്ണി തിട്ടപ്പെടുത്താനായി വിളിക്കുകയായിരുന്നു. ഇത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുത്തതോടെ ശനിയാഴ്ച ഉച്ചയ്‌ക്ക് കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങളും എത്തിച്ചു. എന്നാല്‍ നോട്ടെണ്ണല്‍ രാത്രിയും തുടരുകയാണെന്നും മൊത്തം തുക ഉയര്‍ന്നേക്കാമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഇ.ഡി. കണ്ടെടുത്ത പണം കൊണ്ടുപോകാനായി റിസര്‍വ് ബാങ്ക് പ്രത്യേക ട്രക്കും 20 ഇരുമ്പുപെട്ടികളും അര്‍പ്പിതയുടെ വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.
അധ്യാപകനിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് പാര്‍ഥ ചാറ്റര്‍ജിയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അര്‍പ്പിതയുടെ ഫ്ളാറ്റില്‍ മന്ത്രി പാര്‍ഥ മിക്കവാറും സന്ദര്‍ശനം നടത്തിയിരുന്നെന്ന് ഫ്ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നടിയായ അര്‍പ്പിതയുമായി പാര്‍ഥ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഒരു ദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് വീട്ടില്‍നിന്ന് അര്‍പ്പിതാ മുഖര്‍ജിയെ ഇ.ഡി. അറസ്റ്റുചെയ്തത്.
പല തവണകളായാണ് പാര്‍ഥ തുക കൈമാറിയിരുന്നതെന്ന് ചോദ്യംചെയ്യലില്‍ അര്‍പ്പിത വെളിപ്പെടുത്തിയെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ സമീപിക്കുന്ന ഇടനിലക്കാരന്‍ തുകകൈപ്പറ്റി സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കുകയും ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏറ്റുവാങ്ങി മന്ത്രാലയത്തിലെ ഉന്നതര്‍ക്ക് കൈമാറുകയുമായിരുന്നു പതിവെന്നാണ് വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: