സുരേഷ് പദ്മനാഭന്‍
‘ചെമ്പട്ടുടുത്തുകെട്ടി ചിത്രചിലമ്പണിഞ്ഞു ചന്തമോടെന്നുടയ ചാരവേ വന്നിടേണം’ എന്ന് പ്രസിദ്ധ സംഗീതജ്ഞന്‍ ഏലൂര്‍ ബിജു സോപാനത്തില്‍ ഇടക്ക കൊട്ടി പാടിയത്. ഇന്ന് നൂറുകണക്കിന് സോപാന ഗായകര്‍ പാടുന്നു. തിരുവാതിരയും നൃത്തശില്‍പ്പവുമായി അത് വേദികളില്‍ അവതരിപ്പിക്കപ്പെടുന്നു. തെക്കന്‍ കേരളത്തില്‍ ‘ചെമ്പട്ടു ബിജു’ എന്ന അപരനാമം അത് ഈ ഗായകന് നേടിക്കൊടുത്തു. ”സി.ഡിയില്‍ ഒരൊഴിവ് നികത്താന്‍ ഭദ്രകാളി കീര്‍ത്തനം ആവശ്യപ്പെട്ടു ബിജുവിന്റെ വിളി വന്നു. താന്‍ നിത്യവും പൂജിക്കുന്ന അമ്പലകുളങ്ങര ഭദ്രകാളി അമ്മ വരികളിലൂടെ അടിവെച്ചു വന്നു.” പ്രസിദ്ധമായ ഈ കീര്‍ത്തനത്തിന്റെ രചയിതാവ് പാലേലി മോഹന്‍ മനസ്സ് തുറന്നു. ഈ കീര്‍ത്തനം സോപാന സംഗീതം ഉള്ള കാലംവരെ നിലനില്‍ക്കും എന്നാണ് തൃശൂര്‍ പൂരത്തിലെ ഇടക്ക കലാകാരന്‍ തിരുവമ്പാടി വിനോദ് അഭിപ്രായപ്പെട്ടത്.
നിരവധി കലാകാരന്മാരുടെ പ്രകടനങ്ങള്‍ വീക്ഷിക്കുകയും സസൂക്ഷ്മം വിലയിരുത്തുകയും അവര്‍ക്കൊപ്പം ജീവിക്കുകയും അവരെക്കുറിച്ച് എഴുതുകയും ആദരിക്കുകയും മംഗളപത്രങ്ങള്‍ തയ്യാറാക്കുകയും സമ്പ്രദായികമായി താളവാദ്യം അഭ്യസിക്കുകയും ചെയ്ത പാലേലി മോഹന്‍ അറുപതിലെത്തുമ്പോള്‍ ആ ജീവിതപ്പാതയിലേക്ക്:
ത്രിക്കഴിപുറത്തു മനയിലെ ലീല അന്തര്‍ജ്ജനത്തിന്റെയും പാലേലി സുബ്രമണ്യന്‍ നമ്പൂതിരിയുടെയും മകനായി 1962 ല്‍ മോഹന്‍ ജനിച്ചു. കുട്ടിക്കാലം മുതല്‍ ക്ഷേത്രം, കഥകളി, ഉത്സവപ്പറമ്പുകള്‍, മേളം, തായമ്പക, പഞ്ചവാദ്യം തുടങ്ങിയവ ആസ്വദിച്ച് വളരാനായി. കുന്നുകളും ഭാരതപ്പുഴയും അതിരിടുന്ന, നെല്‍പ്പാടങ്ങള്‍ നിറഞ്ഞ, രണ്ട് ആല്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന ക്ഷേത്രവും പരിസരവും ഉള്ള സുന്ദരവള്ളുവനാടന്‍ ഗ്രാമമായ കണ്ണനൂര്‍ ആണ് അമ്മയുടെ വീട്. കൂട്ടിനു കഥകളി, തായമ്പക മേളം എന്നിവയില്‍ കമ്പക്കാരായ അമ്മാവന്മാരും. അങ്ങനെ ബാലനായ മോഹന്റെ മനസ്സും പൂരപ്രബന്ധത്തിലായി.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാട്ടിലെ വായനശാല വാര്‍ഷികത്തിന് നടത്തിയ കഥാമത്സരത്തില്‍ അഭിനന്ദനങ്ങള്‍ എന്ന കഥയെഴുതി ഒന്നാം സ്ഥാനം നേടി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡ്രോയിങ്, പെയിന്റിങ് മുതലായവ പഠിച്ചു. ഇതിനിടെ നാടകരംഗവുമായി ബന്ധപ്പെട്ടു. അകാലത്തില്‍ അന്തരിച്ച അനുജന്‍ പാലേലി മധു നല്ല നാടക നടനായിരുന്നു. കൃഷ്ണ ഗാഥ എന്ന നാടകത്തില്‍ അദ്ദേഹത്തിന്റെ ചെറുശ്ശേരി നമ്പൂതിരിയെക്കണ്ട എം.ടി. വാസുദേവന്‍ നായര്‍ ‘കുറെ കാലത്തിനു ശേഷം നല്ല നമ്പൂതിരിയെ കണ്ടു’ എന്ന് പ്രശംസിച്ചു.
ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രമായ കാലടി പള്ളിപ്പുറത്തുകാവില്‍ താത്കാലികാടിസ്ഥാനത്തില്‍ ശാന്തിക്കാരനായി. സ്ഥിരമാവാന്‍ സാധിക്കുമായിരുന്നെങ്കിലും ദേവസ്വം അമ്പലത്തിലെ ചിട്ടകള്‍ വേറെ ആയതിനാലും തേവരെ മാത്രമല്ല ബലിക്കല്ലുകളെയും ദ്വാരപാലകന്മാരെയും കൂടി നമിക്കേണ്ടി വരുമെന്നതിനാല്‍ അത് ഉപേക്ഷിച്ചു.
അമ്പലത്തിലെ ശാന്തി പൈതൃകമായതിനാല്‍ കുടുംബക്ഷേത്രമായ എടനാട് ഭഗവതി ക്ഷേത്രത്തിലെ ഊരാന്മക്കൊപ്പം അടുത്തുള്ള അമ്പലക്കുളങ്ങര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമായി. തന്റെ മനസ്സില്‍ ഭഗവതി തോന്നിക്കുന്ന കാര്യങ്ങള്‍ യഥാവിധി നിറവേറ്റാന്‍ സാധിക്കുന്നത് ജഗദംബയുടെ കാരുണ്യത്താലാണെന്നു പാലേലി മോഹന്‍ ഉറച്ചുവിശ്വസിക്കുന്നു. ഒരു കുഗ്രാമമായ എടനാട് കരയില്‍ പതിനഞ്ചു ആനകളെ നിരത്തുന്ന താലപ്പൊലി അങ്ങനെ ഉണ്ടായതാണ് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രശസ്തമായ ആനകള്‍. മേളക്കാര്‍ ഇവരെ അണിനിരത്തി അതൊരു ഗ്രാമോത്സവമാക്കുന്നതില്‍ മോഹനിലെ സംഘാടകന്‍ വിജയിച്ചു.
എടനാട് ക്ഷേത്ര പൂരത്തിന് പാടാന്‍ എത്തിയ വേങ്ങൂര്‍ ഹരി ദീപാരാധന കഴിഞ്ഞു തിമില താഴെ വച്ച് ഗോപുരത്തറയില്‍ വിശ്രമിക്കവേ മോഹന്‍ താന്‍ കുത്തിക്കുറിച്ച ഒരു കീര്‍ത്തനം കൊടുത്തു. ‘കാരുണ്യ മൂര്‍ത്തി ദേവി ഇടനാട് വാഴുമമ്മേ’ എന്ന് തുടങ്ങുന്ന ആ ദേവീസ്തവം നാഥനാമക്രിയ രാഗത്തില്‍ അദ്ദേഹം അത്താഴ പൂജക്ക് സോപാനത്തില്‍ പാടി. അന്ന് കുടുംബദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കണം. അടുത്തുള്ള വെടിയൂര്‍ മനയില്‍ വിവാഹത്തിന് കഥകളി സംഗീത കച്ചേരിക്ക് വന്ന വെണ്മണി ഹരിദാസ് അത് ദുര്‍ഗ രാഗത്തില്‍ ആലപിച്ചു. ഈ ഗാനരചനക്കു വെടിയൂര്‍ മനയില്‍ നിന്ന് ലഭിച്ച പൊന്‍മോതിരം അനുഗ്രഹവും അംഗീകാരവും പ്രോത്സാഹനവുമായി. വീണ്ടും ഒരു ഗണപതി കീര്‍ത്തനം ആവശ്യപ്പെട്ടു ഏലൂര്‍ ബിജുവിന്റെ വിളി വന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ട്രെയിന്‍ യാത്രക്കിടയില്‍ ‘മംഗളമൂര്‍ത്തേ മോഹന ഗണപതി ‘
എന്ന വരികള്‍ കുറിച്ചു. മാളയിലെ ആലത്തിയൂര്‍ ഹനുമാനെ കുറിച്ചെഴുതിയ കീര്‍ത്തനം മാലതി മാധവം എന്നപേരില്‍ കാസറ്റിലാക്കിയപ്പോള്‍ മോഹന്‍ രചിച്ച ഗാനം ആലപിച്ചത് സുപ്രസിദ്ധ ഗായകന്‍ ജയചന്ദ്രന്‍ ആയിരുന്നു.
1990 ല്‍ പാലേലി മോഹന്‍ ജന്മഭൂമിയില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ആയി ചേര്‍ന്നു. വരയിലെ കമ്പത്തിനും കാര്‍ട്ടൂണ്‍ മോഹങ്ങള്‍ക്കും അത് അവസരമൊരുക്കി. പ്രൂഫില്‍ ആളില്ലാതെ വന്നപ്പോള്‍ കുമ്മനം രാജശേഖരന്‍ അങ്ങോട്ട് മാറ്റി. മുഖ്യ പത്രാധിപര്‍ വി.എം കൊറാത്ത് സാറിന്റെ പ്രോത്സാഹനത്തില്‍ മിഡില്‍ പീസുകള്‍ എഴുതി. അന്തരിച്ച കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പിനെ കുറിച്ചായിരുന്നു വാരാദ്യത്തില്‍ ആദ്യ ലേഖനം. ജീവിച്ചിരിക്കുന്നവരെ കുറിച്ച് എഴുത്, അവര്‍ക്കു സന്തോഷമാകില്ലേ എന്ന അമ്മയുടെ ഉപദേശം സ്വീകരിച്ചു. തുടര്‍ന്ന് ജന്മഭൂമി, മാതൃഭൂമി വാരാന്ത്യം, സമകാലീന മലയാളം എന്നിവയില്‍ ചോറ്റാനിക്കര നാരായണ മാരാര്‍, ശങ്കരന്‍ എമ്പ്രാന്തിരി, പെരുവനം കുട്ടന്‍ മാരാര്‍, ചക്കംകുളം അപ്പു മാരാര്‍, കലാമണ്ഡലം ഗോപി, കീഴ്പടം കുമാരന്‍, കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍, ചെങ്ങമനാട് അപ്പു എന്നിങ്ങനെ നിരവധി പേരുടെ ജീവിതത്തെയും കലാസപര്യയെയും വിലയിരുത്തി ലേഖനങ്ങള്‍ എഴുതി. ഇതിനിടെ പത്രപ്രവര്‍ത്തക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലേക്ക് രണ്ടു വര്‍ഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുതന്റെ കലാനിരൂപണങ്ങള്‍ക്കു മാറ്റുകൂട്ടുന്നത് പുത്തന്‍ വേലിക്കര പദ്മനാഭന്‍ മാരാരുടെ ശിഷ്യനായി തായമ്പക അഭ്യസിച്ചതോടെയാണെന്ന് മോഹന്‍ ഉറച്ചു വിശ്വസിക്കുന്നു. സതീര്‍ഥ്യനായിരുന്ന ദിവംഗതനായ ചേന്ദമംഗലം ഉണ്ണി തായമ്പക, ഇടക്ക, മേളം എന്നിവയില്‍ വിദഗ്ധനായിരുന്നു. ഈ അറിവുകള്‍ എഴുത്തിനും പ്രഭാഷനങ്ങള്‍ക്കും പ്രചോദനമായി. ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലടക്കം ധാരാളം വേദികളില്‍ പ്രഭാഷണത്തിന് അവസരങ്ങള്‍ ലഭിച്ചു. കലാകാരന്മാരും ആസ്വാദകരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അത് ഉപകരിച്ചു. ആകാശവാണിയില്‍ സുഭാഷിതം, വാരവലോകനം, നാടകം, കലാകാരന്മാരുമായുള്ള അഭിമുഖം ഇവ നടത്താനുമായി. മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഇന്ന് മാസികയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചു വൈലോപ്പിളളി മുതല്‍ ഏറ്റവും പുതിയ കവികള്‍ വരെയുള്ളവര്‍ അതിലെഴുതിയ കവിതകള്‍ പുസ്തക രൂപത്തില്‍ സമാഹരിച്ചപ്പോള്‍ പാലേലി മോഹന്റെ കവിതയും അതില്‍ ഇടംപിടിച്ചു.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സഹധര്‍മിണിയുടെ അനുജന്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ അവിടെ കൂടി. കലാത്മികയായ ദേവിക്ക് പാദസേവ ചെയ്തതിന്റെ അനുഭവം ചെറുതായിരുന്നില്ല. നിരവധി ലളിത ഗാനങ്ങള്‍ രചിക്കുകയും അവിടെ ഒരു ഭക്തന്‍ അതിനു ഈണം പകരാന്‍ മുന്നോട്ടു വരികയും ചെയ്തു.
ഋഗ്വേദം, ഭാഗവതം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്ന വല്യച്ഛന്റെ മകന്‍ പ്രൊഫ. പാലേലി നാരായണന്‍ നമ്പൂതിരിയെ പരിചരിക്കാന്‍ ലഭിച്ച അവസരം ജീവിതത്തെതന്നെ മാറ്റി മറിച്ചു. വായനശാലയില്‍ മാത്രം പോയിരുന്ന മോഹന്‍ സംഘ ശാഖയില്‍ കൂടി പോകുവാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ നിര്‍ദേശത്താലായിരുന്നു.
ഭാര്യ ഭദ്ര, മകന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ വിവേക്, മരുമകള്‍ ശ്രീവിദ്യ, മകള്‍ ശ്രീശങ്കര സര്‍വകലാശാല വിദ്യാര്‍ഥിനിയായ സാവിത്രി എന്നിവര്‍ക്കൊപ്പം എടനാട് പാലേലി മനയില്‍ താമസിക്കുന്നു. യോഗക്ഷേമസഭ ഉപസഭ പ്രസിഡന്റ്, തൃപ്പൂണിത്തുറ വെണ്മണി ഹരിദാസ് അനുസ്മരണ സമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: