അഹമ്മദാബാദ്: പ്രതിപക്ഷ ഐക്യമെന്നത് വെറും സോപ്പുകുമിളയാണെന്ന് ദ്രൗപദി മുര്‍മുവിന്റെ വന്‍ജയം വ്യക്തമാക്കുന്നു. പത്ത് സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തള്ളി ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍സിപി, ജെഎംഎം, ശിവസേന, ബിടിപി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരും എംപിമാരും ക്രോസ് വോട്ട് ചെയ്തത്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട 125 എംഎല്‍എമാരും 17 എംപിമാരും യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. അസമില്‍ 22 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 45 എംഎല്‍എമാരുണ്ട്. പക്ഷെ യശ്വന്ത് സിന്‍ഹയ്‌ക്ക് കിട്ടിയത് 20 വോട്ടുകള്‍ മാത്രം.
ബീഹാറിലും ഛത്തീസ് ഗഡിലും ആറ് എംഎല്‍എമാര്‍ വീതം മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തു. ഇവിടെ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള വഴക്ക് കാരണം ചില വോട്ടുകള്‍ പിടിക്കാമെന്ന തേജസ്വി യാദവിന്റെ മോഹം വൃഥാവിലായെന്ന് മാത്രമല്ല, സ്വന്തം തട്ടകത്തില്‍ നിന്നും വോട്ട് ചോരുകയും ചെയ്തു. ബംഗാളില്‍ നിന്നും ഒരു തൃണമൂല്‍ എംഎല്‍എയുടെ വോട്ട് മുര്‍മുവിന് കിട്ടി.
ഗോവയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാരുടെ വോട്ട് മുര്‍മുവിന് കിട്ടി. ബീഹാറില്‍ എന്‍ഡിഎയ്‌ക്ക് ആകെ 127 എംഎല്‍എമാരേ ഉള്ളൂ. പക്ഷെ മുര്‍മുവിന് 133 വോട്ടുകള്‍ കിട്ടി. അതിനര്‍ത്ഥം ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ – ഇതില്‍ ആരൊക്കെയോ മുര്‍മുവിന് വോട്ട് ചെയ്തു എന്നാണ്.
ഛത്തീസ് ഗഡില്‍ ആകെയുള്ള 71ല്‍ 69 വോട്ടുകളേ യശ്വന്ത് സിന്‍ഹയ്‌ക്ക് ലഭിച്ചുള്ളൂ.
കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഗുജറാത്തില്‍ ദ്രൗപദി മുര്‍മുവിന് ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇതാരെന്ന് കണ്ടുപിടിക്കാനാകാതെ ഗുജറാത്ത് കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു.
യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടും ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി. ഗുജറാത്തില്‍ 121 വോട്ടുകള്‍ ദ്രൗപദി മുര്‍മുവിന് കിട്ടി. ഇതില്‍ 111 എണ്ണം ബിജെപി എംഎല്‍എ മാരുടേതാണ്. എന്‍സിപിയുടെ ഒരു എംഎല്‍എയും ഭാരതീയ ട്രൈബര്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും മുര്‍മുവിന് വോട്ട് ചെയ്തു. അതിനര്‍ത്ഥം ബാക്കി ഏഴ് വോട്ടുകള്‍ പോയത് കോണ്‍ഗ്രസില്‍ നിന്നാണെന്നാണ്.
ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ നിന്നും മുര്‍മു എട്ട് വോട്ടുകള്‍ നേടി. ബിജെപിയ്‌ക്ക് ഇവിടെ രണ്ട് എംഎല്‍എമാരേ ഉള്ളൂ. മധ്യപ്രദേശില്‍ 19 എംഎല്‍എമാര്‍ മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തു. മഹാരാഷ്‌ട്രയില്‍ 16 ശിവസേന വോട്ടുകള്‍ ക്രോസ് വോട്ടായി കിട്ടി. മേഘാലയയില്‍ ഏഴ് എംഎല്‍എമാര‍് ക്രോസ് വോട്ട് ചെയ്തു. ഒഡിഷയിലും രാജസ്ഥാനിലും ഒരോ വോട്ടുകള്‍ വീതം ക്രോസ് വോട്ടായി കിട്ടി. യുപിയില്‍ 12 പ്രതിപക്ഷ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഉത്തരാഘണ്ഡില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: