തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ പന്നികളെ കൊന്നൊടുക്കാന്‍ തീരുമാനം. രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളേയും കൊന്നൊടുക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി.
വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു. തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില്‍ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടന്‍ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം.
ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
ആഫ്രിക്കന്‍ പന്നിപ്പനി മാനന്തവാടി തവിഞ്ഞാലിലെ പന്നിഫാമില്‍, ജില്ലയില്‍ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നി ഫാമുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.
പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ വാക്സീനോ നിലവിലില്ല. വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാമെന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തി. എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. കാട്ടുപന്നികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
കൊന്നൊടുക്കുന്ന പന്നിക്കുട്ടി(15 കിലോവരെ)-2200 രൂപ, 15-40 കിലോവരെ-5800 രൂപ, മുതിര്‍ന്നത് (100 കിലോവര)-15000 രൂപ എന്നിങ്ങനെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ കമ്പനിക്കാര് നല്കിയാല് പിന്നെ നഷ്ടപരിഹാരം ലഭിക്കില്ല. ഏതെങ്കിലും ഒന്നുമാത്രമേ ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: