ന്യൂദല്‍ഹി: ആം ആദ്മിയുടെ മദ്യനയത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി. നിയമവിരുദ്ധമായാണ് മദ്യനയം ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
“2021 ഒക്ടോബര്‍ 25ന് എക്സൈസ് വകുപ്പ് മദ്യലൈസന്‍സ് നല്‍കിയിരുന്ന സ്വകാര്യ മദ്യക്കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതിന് ശേഷം ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് ആം ആദ്മി സര്‍ക്കാര്‍ സ്വീകരിച്ചത്? ഇപ്പോള്‍ 2022 ജൂലായ് 14ന് ഒരു മന്ത്രിസഭാ കുറിപ്പ് പോലുമില്ലാതെ 144.36 കോടി രൂപയുടെ ഇളവ് ഇതേ മദ്യരാജാക്കന്മാരുടെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. “- മീനാക്ഷി ലേഖി ആരോപിച്ചു.
“ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മദ്യക്കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. “- മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
“പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ 2.5 ശതമാനമായിരുന്നു മദ്യകോണ്ട്രാക്ടര്മാര്ക്ക് നല്‍കിയിരുന്ന കമ്മീഷന്. പിന്നീട് മദ്യകോണ്ട്രാക്ടര്മാര്ക്കുള്ള കമ്മീഷന് ഒറ്റയടിക്ക് 12.5 ശതമാനമാക്കി ഉയര്‍ത്തി. ഇതുവഴി കെജ്രിവാള് സര്‍ക്കാര്‍ 10 ശതമാനം കമ്മീഷന് നേട്ടം സൗജന്യമായി മദ്യമാഫിയയ്ക്ക് നല്‍കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സിബി ഐ അന്വേഷണം പ്രഖ്യാപിച്ച ദല്‍ഹി ലഫ്. ഗവര്‍ണറോട് നന്ദിയുണ്ട് “- മീനാക്ഷി ലേഖിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ആദേശ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: