തിരുവനന്തപുരം: സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍തന്നെ, ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളാകുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആഥിത്യമരുളുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനമുഹൂര്‍ത്തമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
നാല്‍പ്പത്തിനാലാമത് ലോകചെസ്സ് ഒളിമ്പ്യാഡിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് തിരുവനന്തപുരത്ത് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുരാതനവും ജനകീയവുമായ ഒരു മത്സരമാണ് ചെസ്സ് എന്നും, ഇതിന് ഭാഷയോ മതമോ പ്രായമോ ലിംഗമോ വര്‍ണമോ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതലായി വേണ്ട ഒരു മത്സരം കൂടിയാണ് ചെസ്സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദീപശിഖയെ ഉദ്യോഗസ്ഥരും ചെസ്സ് അസോസിയേഷന് ഭാരവാഹികളും ചേര്‍ന്ന് നഗരത്തിലേക്ക് വരവേറ്റു. ഗാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന വി. കൈമാറിയ ദീപശിഖ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജോത് ഖോസയില്‍ നിന്നും മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. വേദിയില്‍ അരങ്ങേറിയ പ്രദര്‍ശന ചെസ്സ് മത്സരം സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടര്‍ എസ് പ്രേം കൃഷ്ണനും ഉദ്ഘാടനം ചെയ്തു. കേരള ചെസ്സ് അസോസിയേഷന് പ്രസിഡന്റ് രാജേഷ് ആര് ആമുഖ പ്രഭാഷണം നടത്തി. ലക്ഷ്മിബായി നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി കിഷോര്‍, നാഷണല്‍ സര്‍വീസ് സ്കീം റീജിയണല്‍ ഡയറക്ടര്‍ ജി ശ്രീധര്‍, നെഹ്രു യുവ കേന്ദ്ര സംഗത്ഥന് ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സാബ്രിന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്റു യുവ കേന്ദ്ര സംഗത്ഥന് ചെസ്സ് അസോസിയേഷന് കേരളാ, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്, ലക്ഷ്മിബായി നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്കീം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണം.
നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, കാര്യവട്ടം ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍, എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍, ചെസ് കായിക താരങ്ങള്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ചെസ് പ്രദര്‍ശന മത്സരത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ സ്കൂളിലെ 20 ചെസ് വിദ്യര്‍ത്ഥികള്‍ക്കെതിരെ ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയും നാഷണല്‍ അണ്ടര്‍ 12 ദേശീയ ചാമ്പ്യന്‍ ഗൗതം കൃഷ്ണയും ചേര്‍ന്ന് മത്സരിച്ചു.
നെഹ്രു യുവ കേന്ദ്ര സംഗത്ഥന് സംസ്ഥാന ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ് സ്വാഗതവും, കേരള ചെസ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ശ്രീ. രാജേന്ദ്രന് ആചാരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദീപശിഖ തിരുവനന്തപുരത്ത് നിന്നും വിമാന മാര്‍ഗ്ഗം ആന്ധ്രയിലെ തിരുപ്പതിയിലേക്ക് കൊണ്ടുപോയി. ജൂലൈ 28 മുതല്‍ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് നാല്‍പ്പത്തിനാലാമത് ലോകചെസ്സ് ഒളിമ്പ്യാഡ് നടക്കുന്നത്. 2022 ജൂണ്‍ 19 ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയാണ് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: