കൊച്ചി : റിമാന്‍ഡിലുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിജി പരീക്ഷ എഴുതുന്നതിനായി 12 ദിവസത്തേയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. പരീക്ഷ നടക്കുന്ന ജൂലൈ 23 മുതല്‍ ഓഗസ്റ്റ് മൂന്നു വരെയായിരിക്കും ജാമ്യകാലാവധി.
പരീക്ഷ എഴുതാനല്ലാതെ ഈ കാലയളവില്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്, 25000 രൂപയുടെ ബോണ്ട് കെട്ടി വെയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാന്‍ മഹാരാജാസ് കോളേജ് ചട്ടവിരുദ്ധമായി ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആര്‍ഷോ ഒരു ദിവസം പോലും ക്ലാസ്സില്‍ ഹാജരായിട്ടില്ല. അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ല. ജാമ്യം കിട്ടാനായി കോളേജ് ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.വൈ. ഷാജഹാന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകുമെന്നും ഷാജഹാന് അറിയിച്ചു.
ഈ മാസം 12-ന് ആര്‍ഷോ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. പരീക്ഷ എഴുതാനായി മാത്രമേ ജില്ലയില്‍ പ്രവേശിക്കാവൂ എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യമെടുത്തെങ്കിലും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വീണ്ടും ജയിലിലായി. അര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി പൊലീസിനോടു വിശദീകരണം തേടിയതിനു പിന്നാലെ, പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് അര്‍ഷോമിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: