കൊച്ചി : നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നിതിനിടെ അതിജീവിതയ്ക്ക് താക്കീത് നല്കി ഹൈക്കോടതി. വിചാരണക്കോടതിക്കെതിരെ അതിജീവിത ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതിക്കെതിരെ പരാമര്ശിച്ചതോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഹര്‍ജിക്കാരിയെ വിമര്‍ശിച്ചത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കും. എന്തടിസ്ഥാനത്തിലാണ് കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് എന്ന ചോദ്യത്തിന് പ്രോസിക്യൂഷന് നല്കിയ വിവരങ്ങള്‍ പ്രകാരമാണെന്നാണ് അതിജീവിത മറുപടി നല്‍കിയത്. ഇതിന് അന്വേഷണ സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹര്‍ജിയില്‍നിന്നു പിന്മാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയില്‍നിന്നു പിന്മാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് കോടതി താക്കീത് നല്കി.
കേസിലെ പ്രതി ദിലീപിനെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ അതിജീവിത എതിര്‍ത്തിരുന്നു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എന്തിന് എതിര്‍ക്കണമെന്ന് കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദിലീപിനെ കക്ഷി ചേര്‍ത്തിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: