യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍. ഗ്രൂപ്പ് എയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോള്‍ ഫൈനല്‍ ഉറപ്പിച്ചത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയും എല്‍ദോസ് സ്വന്തമാക്കി.
ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പോളിന് കണ്ടെത്താനായത്. ആദ്യ ശ്രമം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പ് എയില്‍ എട്ടാം സ്ഥാനത്തായിരുന്നു എല്‍ദോസ്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 16.68 കണ്ടെത്താനായത് തുണയായി. മൂന്നാം ശ്രമത്തില്‍ 16.34 ആണ് എല്‍ദോസ് പോള്‍ ചാടിയത്.
എല്‍ദോസ് പോളിനൊപ്പം പ്രവീണ്‍ ചിത്രവെല്ലും ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി മത്സരിച്ചിരുന്നു. എന്നാല്‍ ഫൈനലിലെത്താന്‍ താരത്തിനായില്ല. അതേസമയം, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ഒപ്പം രോഹിത് യാദവും ഫൈനലില്‍ കടന്നിട്ടുണ്ട്. ജാവലിന്‍ ത്രോ ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 80.42 മീറ്റര്‍ ആണ് രോഹിത് യാദവ് കണ്ടെത്തിയത്. നീരജും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: