ദ്രൗപദീ മുര്‍മൂ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ പ്രഥമ പൗര പദവിയിലേക്ക് ഗോത്ര വിഭാഗത്തില്‍പ്പെടുന്ന ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടതില്‍ ഈ നൂറ്റാണ്ടിന്റെ തന്നെ സന്ദേശമുണ്ട്. ഒഡിഷയിലെ സാന്താള്‍ ഗോത്രക്കാരിയായ ദ്രൗപദീ, പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആധുനിക വിദ്യാഭ്യാസം നേടുകയും ബിജെപിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയുമായിരുന്നു. ജന്മനാടായ ഒഡീഷയിലെ രൈരംഗപൂരില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ പിന്നീട് ഒന്നിലധികം തവണ എംഎല്‍എയും മന്ത്രിയുമായി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് അധ്യാപനവും സര്‍ക്കാര്‍ ജോലിയും ചെയ്തിട്ടുള്ള മുര്‍മൂ കുട്ടികളെ നോക്കാന്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഗവര്‍ണര്‍ എന്ന ബഹുമതിയും ദ്രൗപദീക്ക് അവകാശപ്പെട്ടതാണ്. അച്ഛനും മുത്തച്ഛനും ഗ്രാമമുഖ്യന്മാരായിരുന്നത്, ദ്രൗപദീക്ക് കഴിവുള്ള ഭരണാധികാരിയെന്ന നിലയ്ക്ക് പേരെടുക്കാന്‍ സഹായമായിട്ടുണ്ടാവാം. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ടിട്ടുള്ള തനിക്ക് അപ്പോഴൊക്കെ ജനങ്ങളെ സേവിക്കാന്‍ കരുത്തു നല്‍കിയിട്ടുള്ളത് ദൈവമാണെന്ന് ദ്രൗപദീ പറഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തന്റെ നാട്ടിലെ ശിവക്ഷേത്രത്തില്‍ അടിച്ചുവാരുന്ന ചിത്രം പുറത്തുവന്നത് അവരുടെ ദൈവവിശ്വാസത്തിനും ജീവിതലാളിത്യത്തിനും തെളിവാണ്.
ആദ്യമായല്ല ഒരു വനിത രാഷ്ട്രപതിയാവുന്നത്. എന്നാല്‍ പട്ടികവര്‍ഗത്തില്‍പ്പെടുന്ന ഒരു വനിത ആ സ്ഥാനത്ത് എത്തുന്നതിന്റെ ചരിത്ര പ്രാധാന്യം വളരെ വലുതാണ്. ഉത്തരഭാരതത്തിലെ ചില സംസ്ഥാനങ്ങളിലായി അധിവസിക്കുന്ന സാന്താള്‍ ഗോത്രവിഭാഗക്കാരിയാണ് ദ്രൗപദീ. ബ്രിട്ടീഷ് വാഴ്ചയ്ക്കു മുന്‍പ് പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തെ പിന്നീട് സാമ്രാജ്യത്വഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. ഇതിനെതിരെ ധീരമായി പോരാടിയ ചരിത്രവും ഈ ജനതയ്ക്കുണ്ട്. പക്ഷേ അതൊന്നും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിക്കുകയോ ആ പോരാളികളുടെ പിന്മുറക്കാര് അംഗീകരിക്കപ്പെടുകയോ ചെയ്തില്ല. സ്വതന്ത്ര ഭാരതത്തില്‍ ശരിയായ രാഷ്ട്രീയ പ്രാതിനിധ്യമില്ലാതെ, വികസനത്തിന്റെ ഗുണഭോക്താക്കളാവാതെ ഈ ജനവിഭാഗം പതിറ്റാണ്ടുകളോളം അവഗണിക്കപ്പെടുകയായിരുന്നു. അവരിലൊരാളാണ്, അതും ഒരു വനിത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പരമാധികാര പദവിയില്‍ എത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായാണ് പട്ടികവര്‍ഗക്കാരിയായ ദ്രൗപദീ മുര്‍മൂ രാഷ്ട്രപതിയാവുന്നതെന്ന പ്രത്യേകതയുമുണ്ട്. അവഗണിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മാറിയ കാലത്തെ ഭാരതത്തില്‍ കേവല പരിഗണന ലഭിക്കുകയല്ല, അവര്‍ രാജ്യത്തെ നയിക്കുന്നവര്‍ തന്നെയായിരിക്കുന്നു. മൗലികമായ ഈ മാറ്റം രാഷ്ട്രത്തിന് പുതിയ സൗഭാഗ്യങ്ങള്‍ നേടിത്തരും എന്ന കാര്യം ഉറപ്പാണ്.
ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു വനിതയെ പൊതു സ്ഥാനാര്‍ത്ഥിയായി കണ്ട് പ്രതിപക്ഷം പിന്തുണച്ചിരുന്നെങ്കില്‍ അധഃസ്ഥിത ജനവിഭാഗങ്ങളോടുള്ള രാഷ്ട്രത്തിന്റെ ഐക്യപ്രഖ്യാപനമായി അത് മാറുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉദാഹരണമായി ലോകരാഷ്ട്രങ്ങള്‍ അതിനെ കാണുകയും ചെയ്യുമായിരുന്നു. പ്രതിപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും ദ്രൗപദീ മുര്‍മൂവിന് ലഭിച്ചിരിക്കുന്ന വോട്ട് സങ്കുചിത രാഷ്ട്രീയത്തിനപ്പുറമാണ് അവര്‍ക്കുള്ള സമ്മതിയെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രീയമായി എതിര്‍ക്കുന്ന കക്ഷികളുടെ പോലും വന്‍തോതിലുള്ള പിന്തുണ മുര്‍മൂവിന് ലഭിച്ചിരിക്കുന്നു. കേന്ദ്ര ഭരണമുന്നണിയായ എന്‍ഡിഎയില്‍പ്പെടാത്ത ബിജെഡിയും ബിഎസ്പിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും അകാലിദളുമൊക്കെ മുര്‍മൂവിനെ പിന്തുണച്ചുവെന്നത് ഭാവാത്മക രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. നാം നേരിടുന്ന കാതലായ പ്രശ്നങ്ങളില്‍ ഭരണ-പ്രതിപക്ഷഭേദമെന്യേ കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെ നിലകൊള്ളാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞാല്‍ രാഷ്ട്രം കരുത്താര്‍ജിക്കുകയും ശിഥിലീകരണ ശക്തികള്‍ ഒറ്റപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: