തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായി വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ ഇ.പി. ജയരാജന് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇ.പി. ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പോലീസിന്റെ എഫ്ഐആറും പുറത്തുവന്നിരിക്കുന്നത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നവീന്റെ മുഖത്ത് ഇ.പി. ജയരാജന് ഇടിച്ചു. പ്രതിഷേധിച്ച ഫര്സീന് മജീദ് എന്നയാളുടെ കഴുത്ത് ജയരാജന് ഞെരിച്ചു. മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ഇ.പി. ജയരാജന് ആക്രമിച്ചതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ഇ.പി. ജയരാജന്, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ തിരുവനന്തപുരം വലിയതുറ പോലീസാണ് കേസെടുത്തത്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, പി.എ. സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത് തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: