ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിനായി സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിന്‍ ആണ് സര്‍വീസ് നടത്തുന്നത്. ഓഗസ്റ്റ് 18നും സെപ്തംബര്‍ 17നും ഒക്ടോബര്‍ 20നും നവംബര്‍ 17നും ഡിസംബര്‍ ഒന്നിനും 15നും സര്‍വീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികള്‍ ഓടിക്കുന്ന സൗത്ത് സ്റ്റാര്‍ റെയിലിന്റെ പ്രോജക്ട് ഓഫീസര്‍ എസ്. രവിശങ്കര്‍ അറിയിച്ചു.
ചെന്നൈയില്‍നിന്ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ്. ലോക്കോ പൈലറ്റും ഗാര്‍ഡും റെയില്‍വേയുടേത് തന്നെയാകും. റെയില്‍വേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തത്കാല്‍ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും. ശബരിമല കൂടാതെ, വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഭാരത് ഗൗരവ് ഓഗസ്റ്റില്‍ സര്‍വീസ് നടത്തും. കര്‍ണാടക സര്‍ക്കാര്‍ ഇതിനായി പ്രത്യേകം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്വകാര്യ ട്രെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യുന്നതിന് സബ്സിഡിയും പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കര്‍ണാടക. കാശി യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍വീസില്‍ 30000 യാത്രക്കാര്‍ക്ക് 5000 രൂപ വീതം സബ്സിഡി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: