ന്യൂദല്‍ഹി: നരേന്ദ്രമോദിയെപ്പോലെ ഒരിയ്ക്കലും താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നുവന്ന രാഷ്ട്രീയക്കാരനല്ല യശ്വന്ത് സിന്‍ഹ. അദ്ദേഹം ബ്യൂറോക്രാറ്റായിരുന്നു. പിന്നീട് ബിജെപി തന്നെയാണ് കേന്ദസര്‍വ്വീസില്‍ ഉദ്യോഗസ്ഥാനായ സിന്‍ഹയെ രാജ്യസഭാമാര്‍ഗ്ഗത്തിലൂടെ പാര്‍ലമെന്റില്‍ എത്തിച്ചത്. പിന്നീട് ബിജെപിയുടെ സഹായത്തോടെ ലോക് സഭയിലേക്ക് ജയിച്ച് കയറി വാജ് പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി.
വാജ് പേയിയുടെ കാലം അസ്തമിച്ചതോടെ ഉയര്‍ന്നുവന്ന മോദിയോട് യശ്വന്ത് സിന്‍ഹയ്ക്ക് തീരാത്ത പകയായിരുന്നു. കാരണം മോദിയുടെ ടീമില്‍ യശ്വന്ത് സിന്‍ഹയെപ്പോലുള്ളവര്‍ക്ക് ഇടമില്ലായിരുന്നു. ഈ പകയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രയെ നിര്‍ണ്ണയിച്ചത്. പക്ഷെ ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞയുടന്‍ തൃണമൂലിലെ പദവി രാജിവെച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിച്ച യശ്വന്ത് സിന്‍ഹ ഒരു നിമിഷം രാഷ്ട്രപതിക്കസേര സ്വപ്ന കണ്ട് എല്ലാം മറന്നതുപോലെയാണ് പെരുമാറിയത്. വാസ്തവത്തില്‍ യശ്വന്ത് സിന്‍ഹയായിരുന്നില്ല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാല്‍ കൃഷ്ണ ഗാന്ധിയും സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് പറഞ്ഞപ്പോള്‍ നാലാമതാണ് ആ സ്ഥാനം യശ്വന്ത് സിന്‍ഹയെ തേടിയെത്തിയത്.
പക്ഷെ പിന്നീടങ്ങ് അദ്ദേഹം അപഹാസ്യനാവുന്നത് ഇന്ത്യ കണ്ടു. ഒരു രാഷ്ട്രപതിയാകാന്‍ വേണ്ട പക്വത കാണിക്കാതെ മോദി വിരുദ്ധ രാഷ്ട്രീയം പ്രസംഗിച്ച് പ്രതിപക്ഷത്തെപ്പോലും വെറുപ്പിക്കുകയായിരുന്നു സിന്‍ഹ. ബിജെപി ഒരു ആദിവാസി ഗോത്ര വനിതയുടെ പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന യശ്വന്ത് സിന്‍ഹ ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ഉയര്‍ത്തിയ പരിഹാസം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയ തൃണമൂല്‍ ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികളെ വല്ലാതെ നാണം കെടുത്തി. ഒരിയ്ക്കലും ആദിവാസി ഗോത്രവിഭാഗത്തിന് എതിരാണെന്ന പ്രതീതി ഉണ്ടാക്കരുതെന്ന നിലപാടെടുത്ത് നില്ക്കുന്ന പ്രതിപക്ഷപാര്‍ട്ടികളെ യശ്വന്ത് സിന്‍ഹ വീണ്ടും വീണ്ടും വിഷമിപ്പിച്ചു. രാഷ്ട്രപതി റബ്ബര്‍ സ്റ്റാമ്പാകരുതെന്ന് പറഞ്ഞ് ദ്രൗപദി മുര്‍മുവിനെ അദ്ദേഹം ഉപദേശിച്ചതും വിവാദമായി. ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് രാഷ്ട്രപതിയായി ഇരിക്കാന്‍ യോഗ്യതയില്ലെന്ന് സിന്‍ഹയെപ്പോലെ ഒരാള്‍ ചിന്തിക്കുന്നത് തെറ്റാണെന്നായിരുന്നു പൊതുവെ ഉയര്‍ന്നുവന്ന വിമര്‍ശനം. ഒടുവില്‍ ദ്രൗപദി മുര്‍മു നിശ്ശബ്ദയായ റബ്ബര്‍ സ്റ്റാമ്പാകുമെന്ന് വരെ യശ്വന്ത് സിന്‍ഹ പ്രസ്താവിച്ചതോടെ അദ്ദേഹത്തിന്റെ അപക്വത അദ്ദേഹം വീണ്ടും വീണ്ടും വെളിപ്പെടുത്തി.
ഇതിനിടെ യശ്വന്ത് സിന്‍ഹ പ്രചാരണം നടത്തുന്നത് തിരിച്ചടിയാകുമെന്ന് ആദ്യം മനസ്സിലാക്കിയത് പ്രതിപക്ഷപാര്‍ട്ടികളുടെ മുന്‍പന്തിയിലുണ്ടായ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ്. യശ്വന്ത് സിന്‍ഹയുടെ പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാമെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. എന്നാല്‍ ജാര്‍ഖണ്ഡിലേക്ക് വരരുതെന്ന് ഹേമന്ത് സോറന് തന്നെ തീര്‍ത്തുപറഞ്ഞു. അതോടെ പര്യടനം തുടക്കത്തിലേ പിഴച്ചു. കാരണം ഹേമന്ത് സോറന് ഒരു സാന്താള്‍ വര്‍ഗ്ഗക്കാരനാണ്. ദ്രൗപദി മുര്‍മുവിന്റെ അതേ ആദിവാസി ഗോത്ര സമുദായം. തിരിച്ചടികളും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും കൊണ്ട് തകര്‍ന്ന ആ ഗോത്രസമുദായത്തില്‍ നിന്നും ഇരട്ടി പരിശ്രമങ്ങള്‍കൊണ്ട് ഉയര്‍ന്നുവന്ന നേതാക്കളാണ് സോറനും മുര്‍മുവും എല്ലാം. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തന്നെ ആദിവാസികളുടെ മുന്നേറ്റത്തിന് നിലകൊള്ളുന്ന രാഷ്ട്രീപാര്‍ട്ടിയാണ്.
പിന്നാലെ മമത ബാനര്‍ജിയും ബംഗാളിലേക്ക് വരേണ്ടെന്ന് യശ്വന്ത് സിന്‍ഹയോട് തീര്‍ത്ത് പറഞ്ഞു. കാരണം അദ്ദേഹം അവിടെ വന്ന് പ്രചാരണം നടത്തിയാല്‍ ആദിവാസികള്‍ക്ക് എതിരായ പാര്‍ട്ടിയാണ് തൃണമൂലെന്ന് തെറ്റിദ്ധരിക്കും എന്ന് മമത തിരിച്ചറിഞ്ഞു. അതോടെ സിന്‍ഹയുടെ പ്രചരണപ്പട്ടികയില്‍ നിന്നും ബംഗാളും ഒഴിവാക്കപ്പെട്ടു. പിന്നീട് മഹാരാഷ്ട്രയില്‍ വരേണ്ടെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. കാരണം താക്കറെയുടെ കൂടെയുള്ളവര്‍ ഒന്നടങ്കം ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യശ്വന്ത് സിന്‍ഹയുടെ മഹാരാഷ്ട്ര പര്യടനവും അലസി. എന്തിന് എന്‍സിപിയിലെ ഒരു എംഎല്‍എ തന്നെ താന്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത കാര്യം പരസ്യമായി പ്രസ്താവിച്ചത് ശരദ് പവാറിന് പോലും നാണക്കേടായി.
കേരളത്തില്‍ എത്തിയ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലും പോയില്ല. തണുത്ത സ്വീകരണമായിരുന്നു എല്ലായിടത്തും. ഇതിനപ്പുറം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ യശ്വന്ത് സിന്‍ഹയ്ക്ക് എതിരായി നിലകൊണ്ടു. പണ്ട് വാജ് പേയി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മുലായം സിങ്ങ് യാദവിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്ന കാരണം പറഞ്ഞാണ് മുലായം സിങ്ങിന്റെ സഹോദരന് ശിവപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യശ്വന്ത് സിന്‍ഹയ്ക്കെതിരെ പരസ്യ പ്രസ്താവനയുമായി വന്നത്.
രാഷ്ട്രപതി വോട്ടെടുപ്പ് ദിവസവും തലേന്നാളും യശ്വന്ത് സിന്‍ഹ വെറും ബിജെപി വെറുപ്പാണ് തുപ്പിയത്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങി കളത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ഈ പ്രസ്താവനകള്‍ പ്രതിപക്ഷത്തെപ്പോലും നാണിപ്പിച്ചു. രാഷ്ട്രപതിയായാല്‍ താന്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു യശ്വന്ത് സിന്‍ഹ നല്കിയ ഒരു വാഗ്ദാനം.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെയും ധനശക്തിയും ഉപയോഗിച്ചു എന്ന ബാലിശമായ വിമര്‍ശനവും യശ്വന്ത് സിന്‍ഹ ഉയര്‍ത്തി. എന്തായാലും ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ യോഗ്യനല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു. തെറ്റായ ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചു എന്ന വികാരമാണ് പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ മനസ്സില്‍. ഒരു കാര്യം ഉറപ്പ്. അന്ധമായ മോദീവിരോധത്താല്‍ നീങ്ങുന്ന യശ്വന്ത് സിന്‍ഹ എന്ന സങ്കുചിത രാഷ്ട്രീയക്കാരന് ഇനിയുള്ള നാളുകള്‍ ദുഷ്കരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: