വടക്കാഞ്ചേരി: കനത്ത മഴയില്‍ മുളങ്കുന്നത്തുകാവില്‍ വയോധികയുടെ വീട് പൂര്‍ണ്ണമായും നിലംപൊത്തി. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുണ്ടക്കുന്ന് ലക്ഷം വീട് കോളനിയില്‍ പോഴങ്കണ്ടത്ത് വീട്ടില്‍ സാവിത്രി (80) യുടെ വീടാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂര്‍ണ്ണമായി തകര്‍ന്ന് വീണത്. നാലു വശവും ചുവരുകള്‍ വിണ്ട നിലയിലായ വീടിന്റെ ശോചനീയാവസ്ഥ ജന്മഭൂമി കഴിഞ്ഞ 7ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 5 ദിവസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വയോധികയെയും കുടുംബത്തെയും ബന്ധു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് തകര്‍ന്നടിഞ്ഞത്.
സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന് ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി മാറിയതാണ് രക്ഷയായതെന്ന് യുവാവ് പറയുന്നു. ഇവരുടെ വീട് നില കൊള്ളുന്ന കെട്ടിടത്തിന്റെ മറുഭാഗത്തെ വീട് ഉടമ പൊളിച്ചു നീക്കിയത് ദുരിതം ഇരട്ടിയാക്കിയിരുന്നു.ശോചനീയാവസ്ഥയിലായ വീട് ഏതു നിമിഷവും നിലം പൊത്തുമെന്ന നിലയിലായപ്പോഴാണ് പഞ്ചായത്ത് ഇടപെടല്‍ നടത്തിയത്.
സംസ്ഥാനം മുന്‍കൈ എടുത്ത് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക ഭവന പദ്ധതിയായ ലക്ഷം വീട് പദ്ധതിക്ക് അരനൂറ്റാണ്ടിന്റെ പെരുമ നിലനില്ക്കുമ്പോള് പദ്ധതിയിലൂടെ ആവിഷ്കരിച്ച ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒച്ചിന്റെ വേഗതയായതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. മേഖലയിലെ മറ്റു വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. മുളങ്കുന്നത്ത്കാവ് ലക്ഷംവീട് കോളനി നിവാസികളുടെ ദുരിതം സമാനതകളില്ലാത്തതാണ്. അതീവശോചനീയാവസ്ഥയിലായ വീടുകളില്‍ ആശങ്കയോടെ ജീവിതം തള്ളി നീക്കുകയാണ് ഈ നിര്‍ധന കുടുംബങ്ങള്‍.
70 വര്‍ഷത്തോളം പഴക്കമുള്ള മണ്‍കട്ടകളില്‍ തീര്‍ത്ത ഓട് മേഞ്ഞ വീടുകളില്‍ ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. അടച്ചുറപ്പുള്ള ഭവനത്തിനായി കളക്ടറേറ്റ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലമെന്ന് നിര്‍ധന കുടുംബങ്ങള്‍ പറയുന്നു.
ഒരു ചുവരിന്റെ ഇരുവശത്തുമായി രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന വിധത്തിലുള്ള ഇരട്ടവീടുകള്‍ ഒറ്റ വീടുകളാക്കി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും എവിടെയുമെത്തിയിട്ടില്ല. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ ഇടാന്‍ വരെ പണമില്ലാത്തവരും നിരവധിയാണ്. വാടകക്ക് മാറിത്താമസിക്കാന്‍ പോലും വരുമാനമില്ലാത്തവരാണ് എല്ലാവരും.ഇവരുടെ ദുരിത ജീവിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.തകര്‍ന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ബൈജു (ദേവസി)സന്ദര്‍ശിച്ചു. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: