പാലക്കാട്: കേരളത്തിലേക്കുള്ള അരിക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുമ്പോഴും റേഷനരി കടത്ത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 12 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ട്രിച്ചി, സേലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ റേഷനരി കടത്തുന്നത്.
തമിഴ്‌നാട്ടിലെ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം നല്‍കുന്ന അരിയാണ് കള്ളക്കടത്തു സംഘങ്ങള്‍ തുച്ഛവിലയ്‌ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നത്. ഇങ്ങനെയെത്തുന്ന അരി കേരളത്തിലെ ഗോഡൗണുകളില്‍ പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പതിവ്. ട്രെയിനിലും സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളിലും കടത്തുന്നതിനു പുറമെ ലോറികളില്‍ ടണ്‍കണക്കിന് അരിയാണ് ഓരോദിവസവും ഇങ്ങോട്ടെത്തുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ മേഖലയില്‍ നിന്നും 25 ടണ്ണിലധികം റേഷനരി പിടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ദിവസങ്ങള്‍ക്കു മുമ്പ് വാളയാറില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിനു സമീപത്തെ ഷെഡില്‍നിന്ന് 1200 കിലോ റേഷനരി പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ളതിനു പുറമെ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വാളയാര്‍, പൊള്ളാച്ചി വഴി അരിയെത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും 10 രൂപ നിരക്കില്‍ ശേഖരിക്കുന്ന അരി വന്‍തോതില്‍ കൊണ്ടുവന്ന് രഹസ്യ കേന്ദ്രങ്ങളില്‍ പോളിഷ് ചെയ്ത് ബ്രാന്‍ഡ് അരിയാക്കി മാറ്റുകയാണ് പതിവ്. അരി കടത്തുന്ന വാഹനങ്ങള്‍ ചെക്‌പോസ്റ്റുകള്‍ കടത്തിവിടാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേകം സംഘങ്ങളുണ്ടെന്നും പറയുന്നു. തൂത്തുക്കുടി, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള വ്യാജ അരി ഏജന്റുകളുടെ പേരിലുള്ള ബില്ല് വഴിയാണ് ലോറികള്‍ ചെക്‌പോസ്റ്റ് കടക്കുന്നത്. തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ മാമൂല്‍ നല്‍കി അരിയുമായെത്തുന്ന ഇവ സംസ്ഥാനാതിര്‍ത്തി കടത്തുന്നതോടെ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അപ്രത്യക്ഷമാവും. വല്ലപ്പോഴും പിടിക്കുന്ന അരി ലോഡ് ഒഴിച്ചാല്‍ ദിനംപ്രതി നിരവധി വാഹനങ്ങളാണ് റേഷനരിയുമായി അതിര്‍ത്തികള്‍ കടന്നെത്തുന്നത്.
സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളില്‍ ഒരു കിലോ അരിക്ക് രണ്ട് – മൂന്ന് രൂപ ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് സഞ്ചികളിലാക്കി യാത്രക്കാര്‍ 50-75 കിലോ വരെ റേഷനരി കടത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതലായും അരികടത്ത്. ലോക്ഡൗണ്‍ കാലത്ത് ഇല്ലാതായ അരികടത്ത് പൊതുഗതാതവും ട്രെയിന്‍ ഗതാഗതവും സജീവമായതോടെ പഴയപടിയായി. പാസഞ്ചര്‍ ട്രെയിനുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പരിശോധനകള്‍ ഇല്ലാത്തതിനാല്‍ റേഷനരിയടക്കമുള്ളവ കടത്തുന്നത് കള്ളക്കടത്തുകാര്‍ക്ക് അനുകൂലമാവുകയാണ്.
സാധാരണക്കാരനും സമ്പന്നനും തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നത് പൊന്നിയരിയെപോലുള്ള അരിയാണെന്നിരിക്കെ മിക്ക വീടുകളിലും സൗജന്യ റേഷനരി കുന്നുകൂടുകയാണ്. ഇത് മുതലെടുത്താണ് കാലങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് റേഷനരികടത്ത് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: