ന്യൂദല്‍ഹി: അരിയും ഗോതമ്പുമടക്കം ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേരളം കൈക്കൊണ്ട ഇരട്ടത്താപ്പ് പൊളിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തുന്നതിനെ സമിതിയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പിന്തുണച്ചിരുന്നെന്ന് ട്വീറ്റിലൂടെ നിര്‍മല വ്യക്തമാക്കി, പ്രതിപക്ഷം ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി.യെച്ചൊല്ലി വിവാദവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.
ജിഎസ്ടി സമിതിയില്‍ അനുകൂലിക്കുകയും തീരുമാനം വന്ന ശേഷം പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയുമാണ് കേരളം ചെയ്തതെന്ന് ഇതോടെ വ്യക്തമാവുകയാണ്. ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍പ്പ് അറിയിയിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയില്‍ കേരളവും അംഗമായിരുന്നു. ബംഗാള്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗോവ, ബിഹാര്‍ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. യോഗത്തില്‍ തീരുമാനത്തെ പിന്തുണച്ച കേരളം കഴിഞ്ഞ ദിവസം തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തില്‍ പറയുന്നു. കടയിലെ തിരക്കു കുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങള്‍ നല്കുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെട്ട അവശ്യവസ്തുക്കള്‍ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറു കടകളില്‍ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കാന്‍ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി യോഗങ്ങളില്‍ വ്യക്തമാക്കിയതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍മലയുടെ വെളിപ്പെടുത്തലിലൂടെ കേരളം ഈ വിഷയത്തില്‍ സ്വീകരിച്ച് ഇരട്ടത്താപ്പിന്റെ കള്ളി പുറത്തായിരിക്കുയായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: