തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നംമൂലം ഏറെ ദുരന്തം നേരിടുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളുമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അഖിലേന്ത്യ കോര്‍ഡിനേറ്റര്‍ ഗോപാല്‍ ജി ആര്യ. മത്സബന്ധന തൊഴിലാളികളും ജീവജാലങ്ങളും സംരക്ഷിക്കാനായി എല്ലാവരും രംഗത്തിറങ്ങണം. സമുദ്രതീരങ്ങളെ പോളിത്തീന്‍ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തില്‍ നടക്കുന്ന സമുദ്രതീര ശുചീകരണയജ്ഞം സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെപ്തംബര്‍ 17 നാണ് ഇത്തവണത്തെ സമുദ്ര തീര ശുചീകരണ ദിനം.’ ശുചിത്വ സമുദ്രം സുരക്ഷിത സമുദ്രം’ എന്ന ആപ്തവാക്യമാണ് ശുചീകരണ പരിപാടിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 7500 കിലോമീറ്റര്‍ സമുദ്രതീരമാണ് 75 ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ 589 കിലോമീറ്റര്‍ സമുദ്രതീരമാണ് 9 റവന്യൂ ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. ഓരോ കിലോമീറ്ററിലും സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പ്രമാണിച്ച് കുറത്തത് 75 സന്നദ്ധപ്രവര്‍ത്തകര്‍ സൈനികര്‍ക്കൊപ്പം അണിചേരുവാനാണ് തീരുമാനം. സമുദ്രതീര മേഖലകളിലെ എല്ലാ പഞ്ചായത്തും കോര്പ്പറേഷന് ഡിവിഷനും വാര്‍ഡുമാണ് ശുചീകരണ സ്ഥലങ്ങള്‍. ഇവിടം പ്രത്യേകം ഏറ്റെടുത്ത് സന്നദ്ധസംഘടനകളും ആരാധനാലയ സമിതികളും വിദ്യാലയങ്ങളും കമ്പനികളും പ്രമുഖ വ്യക്തികളും അണിചേരും. ഗോപാല്‍ ജി ആര്യ പറഞ്ഞു.
ഡോ. എന്‍ പി ഇന്ദുചൂഡന് അധ്യക്ഷം വഹിച്ചു. മുന്‍ ജലവകുപ്പ് ഡയറക്ടര്‍ ഡോ. വി സുഭാഷ് ചന്ദ്രബോസ്, മുന്‍ ഐജി ഗോപിനാഥ്, സേതുനാഥ് മലയാലപ്പുഴ, പി രാജശേഖരന്, അനീഷ് കരമന, രാജേഷ് ചന്ദ്രന്, ഉദയനന് നായര്‍ എന്നിവര്‍ സംസാരിച്ചു എം എസ് ഫൈസല്ഖാന് ( ചെയര്മാന്), ഡോ. വി സുഭാഷ് ചന്ദ്രബോസ് ( വര്‍ക്കിംഗ് ചെയര്മാന്), സേതുനാഥ് മലയാലപ്പുഴ ( ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: