തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന് ജാമ്യം. പിണറായി സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് നിയമപരമല്ലെന്ന ശബരീനാഥന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വാദങ്ങള്‍ ഒന്നും തന്നെ കോടതി മുഖവിലക്കെടുത്തില്ല.
ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ ചിലര്‍ പങ്കുവെച്ചിരുന്നു.
ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷമാണ് ചോദ്യം ചെയ്യലിനായി ശബരിനാഥന് ഹാജരായത്. ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശം കോടതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച വേളയിലാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. അങ്ങനെയാണെങ്കില്‍ എപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇ മെയില്‍ മുഖേനയോ അല്ലാതെയോ ഈ രേഖകള്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അറസ്റ്റിലും കോടതി സംശയം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: