ന്യൂദല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് ജാതിയും മതവും നോക്കിയാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര.
“കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് ഇന്ത്യന്‍ ആര്‍മിയില്‍ റിക്രൂട്ട്മെന്റ് നടക്കുക ജാതിയും മതവും നോക്കിയായിരിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സേനയുടെ മൂന്ന് വിഭാഗങ്ങളും ജാതിയ്ക്കും മതത്തിനും അതീതമാണ്. റിക്രൂട്ട്മെന്റില്‍ ജാതിയും മതവും പരിഗണിക്കില്ലെന്ന് 2013ല്‍ ഇന്ത്യന്‍ സേന സത്യവാങ്മൂലം നല്കിയിട്ടുള്ലതാണ്. ഇന്ത്യന്‍ സേനയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്.”- സംപിത് പത്ര പറഞ്ഞു.
“ഒരു സൈനികന് വീരമൃത്യു വരിയ്ക്കുമ്പോള്‍ മാത്രമാണ് ജാതിയും മതവും ഏതെന്ന് സൂചിപ്പിക്കാനുള്ള കോളം പൂരിപ്പിക്കേണ്ടി വരുന്നത്. ഇത് അന്ത്യകര്‍മ്മങ്ങള്‍ എങ്ങിനെ നടത്തണമെന്ന് അറിയാന്‍ മാത്രമാണ്. ഇതെല്ലാം അറിഞ്ഞിട്ടും ആംആദ്മിയുടെ സഞ്ജയ് സിങ്ങും മറ്റുള്ളവരും വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. “- സംപിത് പത്ര പറഞ്ഞു.
“ബ്രിട്ടീഷ് കാലം മുതല്‍ പിന്തുടരുന്ന നടപടിക്രമങ്ങളാണിത്. അത് ഇപ്പോഴും തുടരുന്നു. മോദി സര്‍ക്കാര്‍ ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. യുവാക്കളെ പ്രകോപിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അരവിന്ദ് കെജ് രിവാളും മറ്റും ഇതേ വ്യാജവിവരങ്ങള്‍ പരത്തുകയാണ്. ഞങ്ങള്‍ ഇന്ത്യന്‍ സേനയില്‍ സമ്പൂര്ണ്ണവിശ്വാസമുണ്ട്. ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഞങ്ങള്‍ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതിന്മേല് രാഷ്ട്രീയം കളിക്കേണ്ട് ആവശ്യമില്ല. “- സംപിത് പത്ര വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: