ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത് കോണ്‍ഗ്രസ്, എന്‍സിപി, എസ് പി എംഎല്‍എമാര്‍.
വോട്ട് ചെയ്ത ഉടന്‍ പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ശരത് പവാറിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ കന്താല്‍ എസ് ജഡേജയാണ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തത്. “താന്‍ ദ്രൗപദി മുര്‍മുവിനാണ് വോട്ട് ചെയ്തത്”- കാന്താല്‍ എസ്. ജഡേജ പറഞ്ഞു.
അതുപോലെ ഒഡിഷയിലെ കോണ്‍ഗ്രസ് എംഎല്‍എ മൊഹമ്മദ് മൊക്യും ദ്രൗപദി മുര്‍മുവിനാണ് വോട്ട് ചെയ്തത്. “രാഷ്ട്രപതി സ്ഥാനത്തേക്ക് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എംഎല്‍എമാര്‍ക്കുണ്ട്. ഒരു ഒഡീഷക്കാരന്‍ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ മുര്‍മുവിനെ വിജയിപ്പിച്ചാല്‍ അത് അഭിമാനകരമാവുമെന്ന് തോന്നി. ഇക്കുറി ഞാന്‍ എന്റെ ഹൃദയം പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ ശ്രമിച്ചു. ഈ മണ്ണിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഹൃദയം എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ മുര്‍മുവിന് വേണ്ടി വോട്ട് ചെയ്തത്.”- മൊഹമ്മദ് മൊക്യും പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയെല ചിലരും ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതായി പറയുന്നു. അതുപോലെ ബിജെപിയ്ക്കെതിരെ ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലകൊണ്ട സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബിഎസ് പി) ഒന്നടങ്കം ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. ഇക്കാര്യം എസ് ബി എസ് പി നേതാവ് രാജ് ഭര് വോട്ടെടുപ്പിന് ശേഷം തുറന്ന് പറഞ്ഞു.
ഇതോടെ ദ്രൗപദി മുര്‍മുവിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാവുമെന്ന് ഉറപ്പായി. ഇന്നലെ വരെ 68 ശതമാനം വോട്ടുമൂല്യം ഉറപ്പിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ലാത്തതിനാല്‍ കോണ്‍ഗ്രസിനോ എന്‍സിപിയ്ക്കോ സമാജ് വാദി പാര്‍ട്ടിക്കോ ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: