അമ്പലപ്പുഴ: തട്ടു കടയില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ പുഴു. ഫ്രൈ കഴിച്ച വിദ്യാര്‍ത്ഥിക്ക് ഭക്ഷ്യവിഷബാധ. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടില്‍ ബാബുവിന്റെ മകന് അമല്‍ ബാബു (18) വിനാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പലപ്പുഴ ജങ്ഷന് തെക്ക് ഭാഗത്ത് ഫെഡറല്‍ ബാങ്ക് എടിഎമ്മിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നാണ് ശനിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്. ഇതു കഴിച്ച അമല്‍ ബാബുവിന് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വയറിളക്കം തുടങ്ങി.
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ നിന്ന് ചികിത്സ തേടി. ഫ്രൈയില്‍ പുഴുവിനെ കണ്ടെത്തിയ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടമയെ ഫോണ്‍ ചെയ്തപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.
പരിശോധനാ വിവരം ആരോഗ്യ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായാണ് സൂചന. ഈ കടയില്‍ നിന്ന് നേരത്തെയും ഭക്ഷണം വാങ്ങിക്കഴിച്ച പലര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: