തിരുവനന്തപുരം: കേരളം സമഗ്രമായി സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണത്തിലേക്ക് കടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പരിഷ്ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നവോത്ഥാന നായകരുടെ സംഭാവനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി മുന്നോ ട്ട് പോകുന്നതിനാണ് ഉദ്ദേശിക്കുന്നത്. നാളിതുവരെ നേടിയ സാമൂഹിക, സാംസ്കാരിക, നവോത്ഥാന പുരോഗമന ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണം നടപ്പിലാക്കുക..ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ സംഭാവനകളെ പാഠഭാഗത്തു നിന്നു ഒഴിവാക്കി എന്ന ആരോപണം ‘ സംബന്ധിച്ച പി.ജെ.ജോസഫ് ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
നിലവിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2013 ലെ നയരേഖയുടെ അടിസ്ഥാനത്തില്‍ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയവയാണ്. 2014 മുതല്‍ പ്രസ്തുത പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചു വരുന്നത്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 2014 മുതല്‍ ഒരു മാറ്റവും വരുത്താതെ തുടരുകയാണ്. വസ്തുത ഇതായിരിക്കെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര ചരിത്ര ഭാഗത്തു നിന്നും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ സംഭാവനകള്‍ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണ മൂലമാണ്.
കഴിഞ്ഞ 8 വര്‍ഷത്തിനിടയ്ക്ക് ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവുമാണ്. കൂടാതെ നിലവില്‍ പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം (ഭാഗം 2) പാഠപുസ്തകത്തില്‍ (പേജ് 161) സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെ പട്ടികയില്‍ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ എസ്.സി.ഇ.ആര്.ടി തയ്യാറാക്കിയ രണ്ടാം വര്‍ഷം ഹയര്‍ സെക്കന്ററി കേരള ചരിത്രത്തില്‍ (പേജ് 58 ) പിതാവ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളും കേരളത്തിന്റെ സാമൂഹിക പരിഷ്ക്കരണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും ഫോട്ടോ സഹിതം പ്രതിപാദിച്ചിട്ടുണ്ട്. മന്ത്രി ശിവന്‍കുട്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: