തിരുവനന്തപുരം: കേരള പോലീസിന് ഇന്റര്‍പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങി. മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാന്‍ വിദേശ പൗരന്‍ കൈക്കൂലി നല്‍കിയെന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ടും പുറത്ത് വന്നു.
ഗതാഗത മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ തൊണ്ടി ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മാറ്റിയെന്ന കേസിലെ സുപ്രധാന തെളിവാണ് ഇന്റര്‍പോളിന്റെ ഈ കത്ത്. കേസില്‍ നിന്ന് രക്ഷപെട്ട പ്രതി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി തിരികെ ഓസ്‌ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്.
ആന്റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതോടെയാണ് ഹൈക്കോടതി ആന്‍ഡ്രൂ വിനെ വെറുതെവിട്ടത്. 1991 ല്‍ ഇന്ത്യ വിട്ട ആന്‍ഡു ഓസ്‌ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസില്‍ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ കൂട്ടുപ്രതി വെസ്‌ളി ജോണിനോട് ജയിലില്‍ കിടക്കുമ്പോള്‍ കേരളത്തിലെ കേസില്‍ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലര്‍ക്കിന് കൈക്കൂലി നല്‍കി തൊണ്ടി മുതല്‍ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചില്‍. വെസ്‌ളി ഇക്കാര്യം മെല്‍ബെണ്‍ പോലീസിനോട് പറഞ്ഞു. മെല്‍ബെണ്‍ പോലീസ് ഇന്റര്‍പോള്‍ വഴി ആന്‍ഡ്രു രക്ഷപ്പെട്ട കാര്യം കേരള പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ പോലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് കിട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നത്.
1996 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആ സമയത്ത് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഏറെക്കാലം പോലീസ് ആസ്ഥാനത്ത് പൂഴ്‌ത്തിവെച്ചു. പിന്നീട് സര്‍ക്കാര്‍ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെന്‍കുമാറാണ് ഇന്റര്‍പോള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊണ്ടി മുതല്‍ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ അന്വേഷണത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തിയത്. തൊണ്ടി മുതല്‍ നശിപ്പിച്ചതിന് ആന്റണിരാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നല്‍കി.
1996 ജനുവരിയില്‍ ഇത്രയും ശക്തമായൊരു തെളിവ് ലഭിച്ചിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി പോലീസ് നടത്തിയില്ല. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ കഴിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്ന ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: