സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം
ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് തിരുവനന്തപുരത്ത് വിദ്വത് കവി പെരുനല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നു. അക്കാലത്ത് വീടുകളില്‍ ഒരാഴ്ചകൊണ്ട് രാമായണം മുഴുവനായി വായിച്ച് അര്‍ത്ഥം പറയുന്ന ശ്രീരാമ പട്ടാഭിഷേകം എന്ന ചടങ്ങ് സര്‍വ സാധാരണമായിരുന്നു. ഇക്കാലത്തെ ഭാഗവത സപ്താഹം പോലെ. കൃഷ്ണന്‍ വൈദ്യരുടെ വീട്ടിലെ ശ്രീരാമ പട്ടാഭിഷേകത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിട്ടുണ്ട്. വായന കേള്‍ക്കുക എന്നതിലുപരി രണ്ടു മഹാപുരുഷന്മാരുടെ ദിവ്യ സാന്നിധ്യം കൊതിച്ചായിരുന്നു വലിയ പുരുഷാരം എത്തിയത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളുമായിരുന്നു ആ ഗുരുക്കന്മാര്‍. രാമായണ കഥകള്‍ക്കും പദ്യങ്ങള്‍ക്കും അതുവരെ ആരും അറിയാത്ത അര്‍ത്ഥങ്ങളും ഉപമകളും അവര്‍ പകര്‍ന്നു നല്‍കുമായിരുന്നു. സാധനാ കാലത്ത് ഒരു ദിവസംകൊണ്ട് രാമായണം മുഴുവന്‍ വായിച്ചു തീര്‍ത്തിരുന്ന കാര്യം ഗുരുദേവന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ശ്രീരാമന്‍ നമുക്ക് ആരാധ്യനാകുന്നത് ശത്രുക്കളെ വധിച്ച് ധീരശൂര പരാക്രമം കാണിച്ച വില്ലാളി വീരന്‍ എന്ന നിലയിലല്ല. മറിച്ച് ഈശ്വരീയതയില്‍ വിഹരിച്ച ആധ്യാത്മിക ഗുരു എന്ന നിലയാണ് എന്നറിയണം. രാമായണത്തിലെ പ്രസിദ്ധമായ ലക്ഷ്മണോപദേശം ശ്രീരാമചന്ദ്രനിലെ ആധ്യാത്മികഗുരുവിനെയാണ് വെളിപ്പെടുത്തുന്നത്.
‘ചക്ഷു:ശ്രവണ ഗളസ്ഥ മാം ദുര്‍ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്ന പോലവേ
കാലഹിന പരിഗ്രസ്തമാം ലോകവും
ആ ലോക ചേതസാ ഭോഗങ്ങള്‍ തേടുന്നു’
രാമായണത്തിലെ ഈ താത്വികോപദേശം എക്കാലത്തേയും ജനതയെ ശാസിച്ചും അനുഗ്രഹിച്ചും നിലകൊളളുമെന്നതില്‍ പക്ഷാന്തരമില്ല. ഇത്രയും ചിന്തോദീപമായ ഒരു താത്വികോപദേശം അപൂര്‍വമായേ കാണാനാകു. ഭൗതിക സുഖങ്ങള്‍ ക്ഷണ ഭംഗുരങ്ങളാണ്. വെറും നൈമിഷികങ്ങള്‍. എന്നാല്‍ കാമനപൂണ്ട മനസ്സിന്റെ ആര്‍ത്തികള്‍ക്ക് അതിര്‍ വരമ്പുകളില്ല. പാമ്പിന്റെ വായില്‍ അകപ്പെട്ടുപോയ തവള, ആ വായ്‌ക്കകത്തിരുന്നുകൊണ്ടുതന്നെ സുഖം തേടാനും ജീവിക്കാനും ആഗ്രഹിച്ച് വാ പൊളിക്കുന്നു. കാലമാകുന്ന സര്‍പ്പം വിഴുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യനും ക്ഷണഭംഗുരമായ ജീവിതം കൊതിച്ച് സുഖഭോഗങ്ങളെ ആശിക്കാന്‍ ആവേശവും അക്രോശവും പുലര്‍ത്തുന്നു. വിഷയ ഭോഗങ്ങളുടെ ക്ഷണ ഭംഗുരതയും നശ്വരതയും ആത്മതത്വത്തിന്റെ അനശ്വരതയും അറിഞ്ഞ് ജീവിതത്തെ ലക്ഷ്യോത്മുഖമായി നയിക്കാന്‍ സാധിക്കണം. രാമായണത്തിന്റെ യഥാര്‍ത്ഥ തത്വമാണ് ഈ വരികളില്‍ മുഴങ്ങികേള്‍ക്കുന്നത്.
രാമന്‍ മുന്നിലും സീത മധ്യത്തിലും ലക്ഷ്മണന്‍ പുറകിലുമായാണ് യാത്ര ചെയ്യുന്നത്. ഇതുപോലൊരു ജീവിതയാത്രയാണ് നമ്മുടേതും. ശ്രീരാമന്‍ പരമാത്മാവാണ്. ലക്ഷ്മണന്‍ ജീവാത്മാവും സീത മായാദേവിയുമാണ്. ജീവാത്മാ പരമാത്മാക്കളെ മറയ്‌ക്കുന്നത് മായയാണ്. മായ മാറിയാലേ ജീവാത്മാവിന് പരമാത്മപ്രാപ്തി നേടാനാകു. എങ്കില്‍ മാത്രമേ ലക്ഷ്മണനാകുന്ന ജീവന് പതിയാകുന്ന രാമനെ പ്രാപിച്ച് ആരമിക്കാനാകു. ആനന്ദിക്കാന്‍ സാധിക്കു. എന്നാല്‍ സര്‍വസാധാരണമായി നമ്മുടെ ജീവിതം ജീവത് പരമാത്മാപ്രാപ്തി, ഈശ്വര സാക്ഷാത്ക്കാരം നേടാനാകാതെ ജന്മജന്മാന്തരങ്ങളിലായി അവിരാമമായി തുടരുകകയാണ്. മായാഭ്രമങ്ങള്‍, ഇരുട്ട് എന്നിവയൊക്കെ ദുരീകരിക്കണം. വെളിച്ചം നിറഞ്ഞ് ആനന്ദവും അഭയവും കൈവരിക്കണം. അതിന് സുമിത്ര, ലക്ഷ്മണനെ ഉപാധിയാക്കി നല്‍കുന്ന ഉപദേശം നമ്മുടെ ജീവിതത്തിലും സാക്ഷാത്കരിക്കപ്പെടണം.
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം’
രാമായണത്തിലെ ഏറ്റവും പ്രധാനമെന്ന് വാഴ്‌ത്തപ്പെടുന്ന ശ്‌ളോകമാണിത്. പരമവിശുദ്ധയായ ഒരമ്മയ്‌ക്കുമാത്രമേ ഒരു മകനെ, അതും വനവാസത്തിനു പോകുന്ന മകനെ ഇങ്ങനെ ഉപദേശിക്കാനാകൂ. ഭാരതത്തിന്റെ പവിത്രമായ സങ്കല്പമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും മാതാപിതാക്കളായി തന്നെ, അല്ലങ്കില്‍ ഈശ്വരഭാവത്തില്‍ കാണണമെന്ന് സ്വന്തം അമ്മതന്നെ ഉപദേശിക്കുന്നു. മകന്‍ ഇനി താമസിക്കാന്‍ പോകുന്ന കാനനത്തെ കൊട്ടാരമായി കാണണം. എന്തു ത്യാഗം സഹിച്ചും ഭാതൃപൂജ നിര്‍വഹിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്ന സന്ദേശമാണിവിടെ രാമായണം നല്‍കുന്നത്.
മറ്റൊന്നുകൂടി പറയുന്നു. രാമനെ, ജ്യേഷ്ഠനെ ദശരഥനായി, അച്ഛനായി മാത്രമല്ല സാക്ഷാല്‍ മഹാവിഷ്ണുവായും ജ്യേഷ്ഠത്തിയായ സീതയെ അമ്മയായി മാത്രമല്ല, സാക്ഷാല്‍ ലക്ഷ്മീദേവിയായും കണ്ട് ജീവിക്കണം. അടവിയെ വൈകുണ്ഠമായും കാണണം. എല്ലാത്തിലും ഈശ്വരീയത ദര്‍ശിക്കുന്നവന്‍ ശോകമോഹങ്ങള്‍ക്കപ്പുറത്ത് ആത്മവിത്തായി ആനന്ദാനുഭൂതിയില്‍ ലയിക്കുന്നു എന്ന് ഉപനിഷത്ത് പഠിപ്പിക്കുന്നു. ഉപനിഷത്തിലെ ഈ മഹിതസന്ദേശവും രാമായണത്തിലെ ദീപ്തമായ ഈ സന്ദര്‍ഭത്തിലൂടെ പകര്‍ന്നു കിട്ടുന്നു. മേല്‍ പറഞ്ഞ ശ്‌ളോകത്തിന് ഇനിയും നിരവധി അര്‍ത്ഥതലങ്ങള്‍ ചമത്ക്കാരത്തോടെ പണ്ഡിത പ്രവരന്മാര്‍ വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. ആത്മാവില്‍ ആത്മാവിനെ ദര്‍ശിക്കുന്ന ആധ്യാത്മിക ജ്ഞാനികള്‍ വാച്യാര്‍ത്ഥത്തിനും അതീതമായ ലക്ഷ്യാര്‍ത്ഥമാകും കണ്ടെത്തുക.
എഴുത്തച്ഛന്‍ അധ്യാത്മിക തത്ത്വമുള്ള ഭക്തിയോഗത്തില്‍ ചാലിച്ചാണ് രാമായണം പാടിവെച്ചത്. എന്നാല്‍ ആദി കവിയായ വാല്മീകി മഹര്‍ഷി മനുഷ്വത്വത്തിന്റെ ഉജ്ജ്വല പ്രതീകമായാണ് രാമനെ വരച്ചുകാണിക്കുന്നത്.
‘കോന്വോസ്മിന്‍ സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ച വീര്യവാന്‍’
ഈ ലോകത്തില്‍ ഏറ്റവും ഗുണവാനും വീര്യവാനായും ആരാണുള്ളത്.? മഹര്‍ഷിതന്നെ ഉത്തരവും നല്‍കുന്നു. അത് രാമനാണ്. സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍. തുടര്‍ന്ന് മഹര്‍ഷി രാമചരിത്രം പാടുകയായി. അതിലൂടെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം. ഡംഭ്. അഹങ്കാരം തുടങ്ങിയ വികാരങ്ങളേയും സത്യം, ദയ, ധര്‍മ്മം, ശാന്തി, സ്‌നേഹം, നീതി തുടങ്ങിയ സ്വാത്വിക ഭാവങ്ങളേയും മനുഷ്യ വാനര രാക്ഷസന്മാരിലൂടെ അവതരിപ്പിച്ച് സാമൂഹിക ജീവിത ക്രമത്തെ വരച്ചുകാട്ടുന്നു. നമ്മളില്‍ തന്നെ രാമായണത്തിലെ ഒരോ കഥാപാത്രവും ഉണ്ട്. അവരിലൂടെ സംഭവിക്കുന്ന അര്‍ത്ഥത്തേയും അനര്‍ത്ഥത്തേയും പരിചയപ്പെടുത്തുന്നതിലൂടെ അത് വ്യക്തിജീവതത്തിലും സംഭവിക്കും എന്ന് പറയുകയാണ്. രാമനോ രാവണനോ കുംഭകര്‍ണ്ണനോ വിഭീഷണനോ സീതയോ മണ്ഡോധരിയോ കൈകേകിയോ മന്ഥരയോ…. ആരാണ് ആകേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. ഈ തത്വമാണ് വാല്മീകി മഹര്‍ഷി പകര്‍ന്നു നല്‍കുന്നത്. രത്‌നാകരന്‍ എന്ന കാട്ടാളന്‍ ‘ആമര മീമര മാര മീമര…’ മെന്നു പറഞ്ഞ് രാമരാമ എന്നായി മാറി മുക്ത പുരുഷനായി എന്നതും സ്മരണീയമാണ്. ഗുരു ശിഷ്യ, പിതാ പുത്ര, സഹോദര സഹോദരി, സഹോദര്യ ബന്ധങ്ങളുടെ പതിത്രത നാം രാമായണത്തിലൂടെ തൊട്ടറിയുന്നു. ആത്മബന്ധത്തിന്റെ ആത്മഭാവമിയന്നവയാണ് രാമായണത്തിലെ ഒരോ വരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: