നിയമസഭയില്‍ സിപിഎം എംഎല്‍എയായ എം.എം. മണി വടകര എംഎല്‍എയും സിപിഎം കൊലചെയ്ത ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശം വിവാദമായി കത്തിപ്പടര്‍ന്നത് സ്വാഭാവികം. രമ വിധവയായത് ആ മഹതിയുടെ വിധിയാണെന്നും, തങ്ങള്‍ക്ക് അതില്‍ പങ്കൊന്നുമില്ലെന്നുമാണ് മണി പറഞ്ഞത്. ഇതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും, അവസരം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ പറയുമായിരുന്നുവെന്നുമാണ് മണി ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്സില്‍നിന്നും യുഡിഎഫില്‍നിന്നും മാത്രമല്ല, ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയില്‍നിന്നു പോലും വിമര്‍ശനമുയര്‍ന്നിട്ടും മണി നിലപാട് മാറ്റുന്നില്ല. രമയുടെ വൈധവ്യത്തെ അധിക്ഷേപിച്ചത് അങ്ങേയറ്റം മോശമാണെന്നു പറഞ്ഞ സിപിഐ നേതാവ് ആനി രാജയെയും മണി വെറുതെ വിട്ടില്ല. അവര്‍ക്കെതിരെയും അത്യന്തം മോശമായ പരാമര്‍ശം നടത്തി. മണിയുടെ ‘തെമ്മാടി നിഘണ്ടു’ വിനെതിരെ സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയും രംഗത്തുവരികയുണ്ടായി. പക്ഷേ സിപിഐ സംസ്ഥാന നേതൃത്വം മണിക്കൊപ്പം നില്‍ക്കുകയാണ്. മറ്റ് പല സന്ദര്‍ഭങ്ങളിലും കണ്ടിട്ടുള്ളതുപോലെ വല്യേട്ടനായ സിപിഎമ്മിനെ പിണക്കേണ്ടെന്നാണ് തീരുമാനം. സിപിഐയിലെ പിണറായിയായി മാറിയിരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍നിന്ന് മറിച്ചൊന്നും ആ പാര്‍ട്ടിയുടെ അണികള്‍ പ്രതീക്ഷിക്കുന്നില്ല.
മണിയുടെ വികട സരസ്വതി ആദ്യമായല്ല മലയാളികള്‍ കേള്‍ക്കുന്നത്. അത് തന്റെ കേമത്തമായി ഈ നേതാവ് കൊണ്ടുനടക്കുകയും ചെയ്യുന്നു. നിയമസഭയും ഇതിനു മുന്‍പ് മണിയുടെ വായ്മൊഴി വഴക്കത്തിന് വേദിയായിട്ടുണ്ട്. എന്നാലിപ്പോള്‍ അത് സാമാന്യ മര്യാദകളുടെ സകല സീമകളും ലംഘിച്ചിരിക്കുന്നു. മണിയുടെ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ നിയമസഭയ്ക്കകത്തും പുറത്തും സിപിഎം നേതാക്കള്‍ അതിനെ ന്യായീകരിച്ച് രംഗത്തിറങ്ങിയതിലും അത്ഭുതമില്ല. മണി ആക്ഷേപകരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ മണി ഉപയോഗിച്ചതുപോലുള്ള അധിക്ഷേപ വാക്കുകള്‍ സിപിഎമ്മിന്റെ നിഘണ്ടുവില്‍ എത്ര വേണമെങ്കിലുമുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ പരനാറി, നികൃഷ്ടജീവി എന്നൊക്കെ വിളിച്ചത് ശരിയാണെന്ന നിലപാടാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴുമുള്ളത്. കടക്ക് പുറത്ത്, കാണിച്ചു തരാം എന്നൊക്കെയാണല്ലോ പിണറായിയുടെ പതിവുശൈലി. അപ്പോള്‍ മണി തന്റെ അധിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ല. ഭരണഘടനയ്ക്കെതിരെ കടുത്ത ആക്ഷേപമുന്നയിച്ചതിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നയാളെ കേസില്‍നിന്ന് രക്ഷിക്കാനുള്ള നീക്കങ്ങളാണല്ലോ ഇപ്പോള്‍ സിപിഎമ്മും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സദാചാരം, പ്രതിപക്ഷ ബഹുമാനം, ബുദ്ധിപരമായ സത്യസന്ധത ഇവയൊന്നും സിപിഎമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളാണിവ.
തനിക്കു പറ്റിയത് നാക്കുപിഴയല്ലെന്ന് മണി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍പ്പിന്നെ കെ.കെ. രമയെ അധിക്ഷേപിച്ചത് ബോധപൂര്‍വമായിരിക്കുമല്ലോ. പാര്‍ട്ടിയുടെ അറിവോടുകൂടി നടത്തിയതാണ് ഈ അധിക്ഷേപമെന്നു കരുതേണ്ടിയിരിക്കുന്നു. സിപിഎമ്മുകാര്‍ അന്പത്തിയൊന്നു വെട്ടുവെട്ടി പൈശാചികമായി കൊലചെയ്ത ടി.പി. ചന്ദ്രശേഖരന്റെ വിധവയാണ് രമ. മണിയെ പിന്തുണച്ചുകൊണ്ട് നിയമസഭയില്‍ പ്രസംഗിച്ച മുഖ്യമന്ത്രിയും വ്യവസായ മന്ത്രി രാജീവുമൊക്കെ ടിപിയുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് പറഞ്ഞത്. രാഷ്ട്രീയ ശത്രുത മുന്‍നിര്‍ത്തി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന് എല്ലാവര്‍ക്കുമറിയാം. കേസില്‍ ശിക്ഷിപ്പെട്ടതും സിപിഎമ്മുകാരാണ്. അവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയുമാണ്. എന്നിട്ട് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ആ കൊലപാതകത്തില്‍ പങ്കില്ലെന്നു പറയുന്നവര്‍ ഏതുതരം മനുഷ്യരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൊന്നിട്ടും തീരാത്ത പകവച്ചുകൊണ്ട് രമയെ അധിക്ഷേപിച്ച മണിക്കെതിരെ കോണ്ഗ്രസ്സുകാര് കോലാഹലമുയര്‍ത്തുന്നതും കാപട്യമാണ്. ചന്ദ്രശേഖരനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടുമെന്നായിരുന്നു കോണ്ഗ്രസ്സുകാര് വീമ്പിളക്കിയിരുന്നത്. അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും കൊല്ലിച്ചവരെ പിടികൂടുന്നതു പോയിട്ട് ചൂണ്ടിക്കാട്ടാന്‍ പോലും കോണ്‍ഗ്രസ്സിനായില്ല. കേരളത്തിനു പുറത്ത് ടിപിയെ കൊല്ലിച്ചവരുടെ തോളില്‍ കയ്യിട്ടു നടക്കുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. അവരാണിപ്പോള്‍ രമയോട് ഐക്യം പ്രഖ്യാപിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്. രമയ്ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, സ്വന്തം ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തില്‍ വേദനയുണ്ടെങ്കില്‍ ഈ കാപട്യത്തെക്കുറിച്ചുകൂടി പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: