ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്ഘടന സുരക്ഷിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബി ഐ). ഉക്രൈന്-റഷ്യ യുദ്ധവും ആഗോള മാന്ദ്യത്തിന്റെ ആശങ്കകളും ഇന്ത്യയെ ബാധിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.
നല്ല മണ്‍സൂണും ഉല്പാദന-സേവന മേഖലകളിലെ ഉണര്‍വ്വും നാണ്യപ്പെരുപ്പ സമ്മര്‍ദ്ദം സ്ഥിരത കൈവരിച്ചതും മതിയായ ധാന്യശേഖരവും മൂലധന ഒഴുക്കുള്ള സമ്പദ്ഘടന സംവിധാനവും ഇന്ത്യയുടെ മികച്ച ഘടകങ്ങളായി റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ആകെ ആശങ്ക അമേരിക്ക അടിക്കടി ഡോളര്‍ നിക്ഷേപത്തിനുള്ള പലിശ നിരക്ക് കൂട്ടുന്നു എന്നതാണ്. ഇതുമൂലം രൂപ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെയും മൂല്യം ഇടിയുന്നുണ്ട്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക തുടര്‍ച്ചയായി പലിശ നിരക്ക് കൂട്ടുന്നത് മൂലം ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നുണ്ട്. അമേരിക്കയില്‍ ഇക്കഴിഞ്ഞ ജൂണിലെ പണപ്പെരുപ്പം 41 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 9.1 ശതമാനത്തിലെത്തിയിരുന്നു. അടുത്തയാഴ്ച വീണ്ടും ഒരു ശമതാനം കൂടി പലിശനിരക്ക് ഉയര്‍ത്താനാണ് യുഎസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് ആലോചിക്കുന്നത്. അങ്ങിനെയെങ്കില്‍ അത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകും.
അമേരിക്കയില്‍ പലിശനിരക്ക് ഉയരുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരിവിപണിയിലേയും കടപ്പത്രങ്ങളിലേയും നിക്ഷേപം ഡോളറിലേക്ക് മാറ്റുന്നതോടെയാണ് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഡോളറിന് 80 രൂപ നിരക്കില്‍ മൂല്യമിടിഞ്ഞെങ്കിലും വീണ്ടും രൂപ കരുത്താര്‍ജ്ജിച്ച് 79.79 രൂപയില്‍ എത്തിനില്‍ക്കുകയാണ്.2022 ജനവരിയ്ക്ക് ശേഷം ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും 2.24 ലക്ഷം കോടി രൂപയും കടപ്പത്രങ്ങളില്‍ നിന്നും 15,749 കോടി രൂപയുംമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ (എഫ് ഐഐ) പിന്‍വലിച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ ഡോളറിലുള്ള കരുതല്‍ നിക്ഷേപം കുറയുകയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാന്‍ റിസര്‍വ്വ് ബാങ്ക് ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും ഡോളറിലുള്ള കരുതല്‍ ധനം കുറയുകയാണ്. ജൂലായ് എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 806.2 കോടി ഡോളര്‍ കുറഞ്ഞ് 58,025.2 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞ ഒന്നേക്കാല്‍ വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. 2021 സെപ്തംബറില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോഡ് നിലയിലായിരുന്നു- 64,245.3 കോടി ഡോളര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: