കൊച്ചി: കേന്ദ്രാനുമതിയില്ലാതെ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസില്‍ കേരളത്തിലെ മുന്‍ ധനകാര്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) നോട്ടിസ് നല്‍കിയാണ് ചോദ്യം ചെയ്യുന്നതിനാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചിരിക്കുന്നത്. മറ്റെന്നാള്‍ ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടിലാണ്. സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. ‘മസാല ബോണ്ട്’ വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: