ന്യൂദല്‍ഹി: വികസനം ഗ്രാമങ്ങളിലെത്തുമ്പോഴാണ് സാമൂഹികനീതി യാഥാര്‍ത്ഥ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ജലൗനിലെ ഒറായി തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം അവഗണിക്കപ്പെട്ട ഗ്രാമങ്ങളിലെത്തുമ്പോള്‍ അത് സാമൂഹികനീതിയുടെ സാക്ഷാത്കാരത്തിലേക്ക് നയിക്കും. പിന്നാക്ക ജില്ലകള്‍ ഇപ്പോള്‍ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗ്രാമങ്ങളെ റോഡുകളുമായും ടാപ്പ് വെള്ളവുമായും ബന്ധിപ്പിക്കുന്നത് സാമൂഹികനീതിയാണ്. പുതിയ എക്‌സ്പ്രസ്വേ ബുന്ദേല്‍ഖണ്ഡിന്റെ വ്യാവസായിക പുരോഗതി വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു.
ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ നഗരങ്ങളിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന നാളുകളാണ് കടന്നുപോയത്. സബ്കാ സാത്ത് സബ്കാ വികാസിന്റെ ഭാഗമായി വിദൂരവും അവഗണിക്കപ്പെട്ടതുമായ പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ അഭൂതപൂര്‍വമായ കണക്റ്റിവിറ്റിക്ക് സാക്ഷ്യം വഹിക്കുന്നു. യുപിയുടെ എല്ലാകോണുകളും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളില്‍ യുപി മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി. യുപിയുടെ സ്വത്വം രാജ്യത്തുടനീളം മാറുകയാണ്.
സൗജന്യങ്ങള്‍ വിതരണം ചെയ്ത് വോട്ട് തേടുന്ന സംസ്‌കാരം രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അപകടകരമാണ്. ഇതിനെതിരെ ജനം അതീവ ജാഗ്രത പാലിക്കണം. ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകള്‍ സൗജന്യങ്ങളുടെ കുറുക്കുവഴി സ്വീകരിക്കാതെ ജനങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുകയാണ്. രാജ്യത്തിന്റെ വികസനം എങ്ങനെ കൂടുതല്‍ ത്വരിതപ്പെടുത്തണമെന്ന വലിയ ചിന്തയാണ് തീരുമാനങ്ങളും നയം രൂപീകരണവും നടത്തുമ്പോഴുള്ളത്. രാജ്യത്തെ ദ്രോഹിക്കുന്നതും രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതുമായ എല്ലാ കാര്യങ്ങളും അകറ്റി നിര്‍ത്തണം. സ്വാതന്ത്ര്യത്തിന്റ 75-ാം വര്‍ഷം ഒരു അപൂര്‍വ അവസരമാണെന്നും രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനുള്ള ഈ സമയം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: