മൂന്നു പതിറ്റാണ്ടുകാലത്തെ അധ്യാപനത്തിനുശേഷം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും പ്രൊഫ. എം.വി. നടേശന്‍ വിരമിച്ചപ്പോള്‍ കാലടിയിലെ പ്രസിദ്ധമായ എസ്എന്‍ഡിപി ലൈബ്രറിയും ഗുരുധര്‍മ്മ പഠനകേന്ദ്രവും ചേര്‍ന്ന് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. സംസ്‌കൃത ഭാഷയ്‌ക്കും പ്രചാരണത്തിനും നല്‍കിയ സംഭാവനകളെ സ്മരിക്കുന്നതിനും പ്രൊഫ. നടേശനെ ആദരിക്കുന്നതിനുമായിട്ടാണ് ‘ഗുരു വഴിയും മൊഴിയും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തിയത്. മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ പ്രിന്‍സിപ്പാള്‍, വിഭാഗാധ്യക്ഷന്മാര്‍ തുടങ്ങി സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്ത മൂന്നു ദിവസത്തെ ദേശീയ സെമിനാര്‍ ഒരു അധ്യാപകനു ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു. ഔപചാരിക അധ്യാപനത്തില്‍ നിന്നും പിരിയുമ്പോള്‍ പൊതുസമൂഹം, അതും താന്‍ പിന്തുടരുന്ന ആശയസംഹിതയ്‌ക്ക് പുറത്തുനിന്നുള്ളവര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന അപൂര്‍വ്വ സ്നേഹാദരവിന്റെ വേദിയായിരുന്നു അത്. ഒരുപക്ഷേ മറ്റൊരധ്യാപകനും ലഭിക്കാത്ത ആദരവായിരുന്നു ഇത്.
- പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗദര്‍ശനം
ഋഷിതുല്യനായ പി. പരമേശ്വര്‍ജി സംസ്‌കൃതത്തിനു നല്‍കിയ മഹാപ്രതിഭയായിരുന്നു എം.വി.നടേശന്‍. കാരണം പരമേശ്വര്‍ജിക്കൊപ്പമുള്ള ജീവിതമായിരുന്നു നടേശന് വഴിത്തിരിവായത്. എറണാകുളത്തെ ഉദയംപേരൂരിലെ ദരിദ്രപിന്നാക്ക കുടുംബത്തില്‍ നിന്ന് പുറംലോകത്തെക്കുറിച്ച് മനസ്സിലാക്കുന്നത് ആര്‍എസ്എസുമായി ബന്ധപ്പെടുന്നതോടെയാണ്. എറണാകുളത്തും തിരുവനന്തപുരത്തുമായി പരമേശ്വര്‍ജിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമാണ് ജീവിതത്തെ മറ്റൊരു തലത്തിലെത്തിച്ചതെന്ന് നടേശന്‍ സ്മരിക്കുന്നു.
ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രത്തില്‍ പരമേശ്വര്‍ജിക്കൊപ്പം പ്രവര്‍ത്തിച്ചത്. അടുത്ത ദിവസം പത്രങ്ങളിലും മറ്റും വരേണ്ട പരമേശ്വര്‍ജിയുടെ ലേഖനങ്ങള്‍ പകര്‍ത്തിയെഴുതുക, അവ അദ്ദേഹത്തെ കാണിച്ച് തിരുത്തല്‍ വരുത്തുക എന്നിവയായിരുന്ന തുടക്കത്തിലെ ജോലി. ഇതിനുവേണ്ടി ഏതെല്ലാം പുസ്തകങ്ങള്‍ വായിക്കണം എന്നെല്ലാം പരമേശ്വര്‍ജി പറഞ്ഞുകൊടുക്കുമായിരുന്നു. അറിയാതെ ഒരു വാക്ക് തെറ്റിയാല്‍ അതിന്റെ അര്‍ത്ഥവ്യതിയാനത്തെക്കുറിച്ച് നല്‍കുന്ന വിശദീകരണം ഒരു ക്ലാസ്സ് തന്നെയായിരുന്നു. ഒരു പുസ്തകം എങ്ങനെ വായിക്കാമെന്നും, ലൈബ്രറി എങ്ങനെ ഉപയോഗിക്കാമെന്നുമെല്ലാം പഠിച്ചത് ഇവിടെ വച്ചായിരുന്നു. ഇതിലൂടെ ഗവേഷണത്തിന്റെ ഒരു സംസ്‌കാരമാണ് ലഭിച്ചത്. പരമേശ്വര്‍ജി യാത്ര പോകുമ്പോള്‍ വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗങ്ങള്‍, അരവിന്ദഘോഷിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തുടങ്ങിയവ കാണാതെ പഠിക്കാന്‍ ഏല്‍പ്പിക്കും. അതൊരു ഹോംവര്‍ക്കായിരുന്നു. പരമേശ്വര്‍ജി തിരിച്ചെത്തുമ്പോള്‍ അതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച് എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് പരിശോധിച്ച് കൂടുതല്‍ വിശദീകരിച്ച് നല്‍കുമായിരുന്നു. എങ്ങനെയാണ് ഒരു ലേഖനം തയ്യാറാക്കേണ്ടത്, പുസ്തകം എഴുതേണ്ടത് എന്നതിന്റെയെല്ലാം പ്രായോഗിക പരിചയമായിരുന്നു അവിടെ നിന്നും ലഭിച്ചത്.
അക്കാലഘട്ടത്തിലാണ് പ്രതിസന്ധികളെ അതിജീവിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതത്തില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയത്. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ എറണാകുളത്തുവച്ച് നടന്ന വലിയ അനുമോദന സദസ്സില്‍ സംസ്‌കൃതത്തില്‍ റാങ്കു നേടിയ നടേശനെ ആദരിച്ചിരുന്നു. പിന്നീട് ലോ കോളജില്‍ നിയമപഠനത്തിനു ചേര്‍ന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം പരമേശ്വര്‍ജി കണ്ടപ്പോള്‍ ഭാവി പരിപാടികളെക്കുറിച്ച് തിരക്കിയപ്പോഴാണ് ജോലി സാധ്യതകള്‍ ഉള്ളതിനാല്‍ എല്‍എല്‍ബിക്ക് ചേര്‍ന്ന വിവരം പറഞ്ഞത്. ഇത്രയും നാള്‍ പഠിച്ചത് എന്തിലായിരുന്നു. ഏതുവിഷയത്തിലാണ് റാങ്ക് ലഭിച്ചത്. നാട്ടുകാരെല്ലാം അനുമോദിച്ചത് ഏതു വിഷയം പഠിച്ചതിനാലാണ്. എന്നിട്ടെന്തിനാണ് അത് വിട്ടതെന്നും ചോദിച്ചു. അതുകൊണ്ട് നാളെ പോയി സംസ്‌കൃതം എംഎയ്‌ക്ക് ചേരുക, എന്നിട്ട് വിവരം പറയുക. നടേശന്റെ ഭാവി സംസ്‌കൃതത്തിലാണ്. നിയമം പഠിക്കണമെന്ന് കടുത്ത ആഗ്രഹമുണ്ടെങ്കില്‍ സൈഡായി പഠിക്കാനും നിര്‍ദേശിച്ചു.
എംഎയ്‌ക്ക് റാങ്ക് ലഭിച്ചപ്പോഴും എറണാകുളത്തു നടന്ന ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തില്‍ വച്ച് പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ നടേശനെ ആദരിക്കുകയും ചെയ്തു. പിന്നീട് പരമേശ്വര്‍ജിയോട് ചോദിച്ചതിനുശേഷംമാത്രമെ എന്ത് തീരുമാനവും എടുത്തിട്ടുള്ളൂ.
ബിഎഡ് നേടിയ ശേഷം ജന്മഭൂമി ദിനപത്രത്തില്‍ സബ് എഡിറ്റര്‍ എന്ന നിലയിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കാലടി ശൃംഗേരി മഠത്തിന്റെ പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ സംസ്‌കൃത കോളജില്‍ അധ്യാപകനായി. ഇവിടെ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് പാലക്കാട് വ്യാസ വിദ്യാലയത്തില്‍ അധ്യാപകനായി നിയമനം ലഭിക്കുന്നത്. ഇതും പരമേശ്വര്‍ജിയോട് ചോദിച്ചിട്ടായിരുന്നു. വിദ്യാനികേതന്റെ ചുമതലയുണ്ടായിരുന്ന ഭാസ്‌കര്‍ജി പരമേശ്വര്‍ജിയുമായി ചര്‍ച്ച ചെയ്താണ് വ്യാസവിദ്യാലയത്തില്‍ നിയമിച്ചത്. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള അമച്ച്വര്‍ നാടകവേദിയിലും അംഗമായിരുന്നു. ഭാസ്‌കര്‍ജിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് വ്യാസവിദ്യാലയത്തില്‍ നടത്തിയ മുദ്രരാക്ഷസം സംസ്‌കൃത നാടകത്തില്‍ അഭിനയിച്ചിരുന്നു.
- കാരൈക്കുടിയിലെ സംസ്‌കൃത പ്രചാരണം
1997ല്‍ തമിഴ്നാട്ടിലെ കാരൈക്കുടി കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി ചേര്‍ന്നതോടെയാണ് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കിടയില്‍ അനൗപചാരിക സംസ്‌കൃത പഠന പരിപാടികള്‍ ആരംഭിച്ചത്. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കൃത പ്രചാരണവുമായെത്തിയപ്പോള്‍ അവര്‍ക്കത് വലിയ അത്ഭുതമായിരുന്നു. പൊതുവെ തമിഴ്നാട്ടിലും കാരൈക്കുടിയിലുമെല്ലാം ധരിച്ചിരുന്നത് സംസ്‌കൃതം പഠിക്കാനവകാശം സവര്‍ണ്ണര്‍ക്കാണെന്നാണ്. അതുകൊണ്ടുതന്നെ അവര്‍ ആദ്യം ചോദിച്ചത് നിങ്ങള്‍ അയ്യരാണോയെന്നാണ്. അല്ലായെന്നായപ്പോള്‍ അയ്യങ്കാരാണോയെന്നായി. മലയാളിയാണെന്നറിഞ്ഞപ്പോള്‍ നമ്പൂതിരിയാണോയെന്നായിരുന്നു അടുത്ത ചോദ്യം. നിങ്ങളെപ്പോലെ സാധാരണക്കാരനാണെന്നും സംസ്‌കതം പഠിപ്പിക്കാമെന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് വിസ്മയമായി. സംസ്‌കൃതം പഠിക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നാണ് വിശ്വസിച്ചിരുന്നത്. എല്ലാവര്‍ക്കും പഠിക്കാവുന്നതാണ് ഈ ദേവഭാഷയെന്ന് പറഞ്ഞപ്പോള്‍ മടിച്ചുമടിച്ചാണെങ്കിലും അവര്‍ അതിനു തയ്യാറായി. ‘ആനന്ദ ധാം’ എന്ന പേരില്‍ സംസ്‌കൃത പഠനകേന്ദ്രം ആരംഭിച്ചു. അനൗപചാരിക സംസ്‌കൃത പഠനത്തിലേക്കുള്ള വലിയ കാല്‍വയ്‌പ്പായിരുന്നു അത്. കാരൈക്കുടിയിലെ ‘കറുത്ത മക്കള്‍’ ആവേശത്തോടെ സംസ്‌കൃതത്തിന്റെ അറിവുകള്‍ മനസ്സിലാക്കാന്‍ തുടങ്ങി.
ബിജെപി ദേശീയ നേതാവായിട്ടുള്ള എച്ച്. രാജയുടെ വീട്ടിലാണ് അന്ന് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛനെയും ഭാര്യയെയും മക്കളെയും സംസ്‌കൃതം പഠിപ്പിക്കാനുള്ള അപൂര്‍വ്വ അവസരവും ലഭിച്ചു. രാജയുടെ മക്കള്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു. രാജയുടെ അച്ഛന്‍ ഹരിഹര അയ്യര്‍ അളഗപ്പ സര്‍വ്വകലാശാലയിലെ റിട്ട. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രൊഫസറായിരുന്നു. ഹരിഹര അയ്യരും രാജയുടെ ഭാര്യയും സംസ്‌കൃതം പഠിക്കാന്‍ തയ്യാറായി. ഹരിഹര അയ്യരുടെ സഹായത്തോടെയാണ് ആനന്ദ ധാം ആരംഭിച്ചത്. സംസ്‌കൃതവും ഭഗവദ് ഗീതയും യോഗയുമായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്.
നടേശന്‍ മാഷില്‍ നിന്നും സംസ്‌കൃതം പഠിച്ച ഹരിഹര അയ്യര്‍ തമിഴ് സംസ്‌കൃതം ഡിക്ഷണറി ഇറക്കിയെന്നതും എടുത്തുപറയേണ്ടതാണ്. ആ പരമ്പര ഇന്നും തുടരുന്നുവെന്നതാണ് പ്രത്യേകത. രാജയുടെ മകള്‍ ശിവരഞ്ജിനി ആനന്ദ ധാമിലൂടെ അനൗപചാരിക സംസ്‌കൃതപഠനം തുടരുന്നുവെന്നത് നടേശന്‍ മാഷിന് ചാരിതാര്‍ത്ഥ്യമുണ്ടാക്കുന്നതാണ്. അന്ന് സംസ്‌കൃത പഠനത്തില്‍ പങ്കെടുത്ത ഉമാമഹേശ്വരി ഇന്ന് ചെന്നൈയിലെ സംസ്‌കൃത കോളജില്‍ പ്രൊഫസറാണ്. 1997-1999 കാലഘട്ടത്തില്‍ കാരൈക്കുടിയില്‍ നടേശനുണ്ടാക്കിയ പരിവര്‍ത്തനമാണിത്.
- സംസ്‌കൃത സര്‍വ്വകലാശാലയില്‍
പഠനകാലഘട്ടത്തില്‍ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്തര്യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ശ്രീരാമകൃഷ്ണ ദേവനെയും വിവേകാനന്ദ സ്വാമികളെയും മനസ്സിലാക്കാന്‍ ഇത് ഏറെ സഹായിച്ചിരുന്നു. പിന്നീടാണ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ എത്തുന്നത്. അച്ഛനും അമ്മയും ഇഷ്ടപ്പെടാതെ പിറന്ന കുഞ്ഞാണ് കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയെന്നാണ് പരമേശ്വര്‍ജി അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ ഇഷ്ടത്തോടെയല്ലാ വളര്‍ത്തിയത്. ഇഷ്ടപ്പെടാത്ത കുഞ്ഞെന്ന നിലയില്‍ സര്‍വ്വകലാശാലയുടെ ആത്മാവ് നഷ്ടപ്പെടുത്താനാണ് ഇതിന്റെ ഭരണാധികാരികളായി എത്തിയവര്‍ ചെയ്തത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംഘപരിവാറുകാരനായ നടേശന് സര്‍വ്വകലാശാലയില്‍ സംസ്‌കൃതം വ്യാകരണം അധ്യാപകനാവാന്‍ കഴിഞ്ഞത്. ജാതി മത രാഷ്‌ട്രീയ ഭേദമന്യേ തന്റെ വിദ്യാര്‍ത്ഥികളെ ഉന്നതിയിലെത്തിക്കുവാന്‍ നടേശന്‍ ശ്രമിച്ചിട്ടുണ്ട്. പലരും പഠിത്തം നിര്‍ത്തുമെന്ന ഘട്ടത്തില്‍ അവര്‍ക്ക് സഹായങ്ങള്‍ നല്‍കി ഗവേഷണത്തിലേക്കും മറ്റും തിരിച്ചുവിട്ട് പല വിദ്യാലയങ്ങളിലും ഗുരുക്കന്മാരാക്കുവാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണ്. അതുകൊണ്ടുതന്നെ സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചപ്പോള്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ശിഷ്യന്‍മാര്‍ കാലടിയില്‍ ഒത്തുചേര്‍ന്ന് ഗുരുവന്ദന ചടങ്ങ് സംഘടിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. യുണിവേഴ്സിറ്റിയില്‍, കോളജുകളില്‍ മറ്റ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓണ്‍ലൈനില്‍ അഞ്ചുദിവസത്തെ സെമിനാറും നടേശന്‍ മാഷിന്റെ ബഹുമാനാര്‍ത്ഥം ഇവര്‍ സംഘടിപ്പിച്ചിരുന്നു.
- ജുവൈനല്‍ഹോമിലെ സംസ്‌കൃത പഠനം
2000-2001 കാലഘട്ടത്തില്‍ കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്ന തൃശൂര്‍ ജുവൈനല്‍ഹോമില്‍ സംസ്‌കൃതം പഠിപ്പിച്ചത് നടേശന്‍ മാഷിന് വലിയൊരു അനുഭവമായിരുന്നു. തൃശൂര്‍ വിവേകോദയത്തില്‍ നടത്തിയിരുന്ന അനൗപചാരിക സംസ്‌കൃത ക്ലാസ്സുകളില്‍ ജയില്‍ സൂപ്രണ്ടായിരുന്ന ശ്രീദേവി പങ്കെടുക്കുമായിരുന്നു. അവര്‍ ഒരിക്കല്‍ ഒരാഗ്രഹം പറഞ്ഞു. വളരെ നൊട്ടോറിയസായ ഈ കുട്ടിക്കുറ്റവാളികള്‍ക്ക് സംസ്‌കൃതം പഠിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് പരീക്ഷിച്ചു നോക്കിയാലോയെന്ന്. അതിന് ക്ഷണിക്കുകയും ചെയ്തു. ഇവര്‍ ഈ ക്ലാസ്സില്‍ ഇരിക്കുമോയെന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നാല്‍ സംസ്‌കൃതം പഠനം ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ക്കുണ്ടായ മാറ്റം കണ്ടപ്പോള്‍ ഈശ്വരാ ഈ കുഞ്ഞുങ്ങള്‍ ഇവിടെ വരുന്നതിനുമുമ്പായിരുന്നു ഈ ഭാഷ പഠിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയെന്നാണ് സൂപ്രണ്ട് പറഞ്ഞത്. പത്തു ദിവസമായിരുന്നു അവിടെത്തെ ക്ലാസ്.
കൊവിഡ് കാലഘട്ടത്തില്‍ ലോകത്തെമ്പാടുമുള്ള സംസ്‌കൃത പ്രേമികള്‍ക്കായി സംസ്‌കൃത അധ്യാപികകൂടിയായ ഭാര്യ ഗീതക്കൊപ്പം ഓണ്‍ലൈനായി നിരന്തരം ക്ലാസ്സുകള്‍ എടുത്തിരുന്നു. ഭഗവദ്ഗീത, ശ്രീശങ്കരാചാര്യ കൃതികള്‍, ശ്രീനാരായണ ദര്‍ശനം, ഉപനിഷത്ത്, രാമായണം, മറ്റ് സംസ്‌കൃത കൃതികളെല്ലാം പഠിപ്പിച്ചിരുന്നു. ഗള്‍ഫിലെയും അമേരിക്കയിലെയും നിരവധി പേര്‍ ഈ ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു.
- വനവാസി മേഖലയില്‍ വേറിട്ട അനുഭവം
സംസ്‌കൃത പ്രചാരണവുമായി ബന്ധപ്പെട്ട് വയനാട് വനവാസിമേഖലകളില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് നിരന്തരം യാത്രകള്‍ നടത്തിയിരുന്നു. ഇവിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നേതൃത്വപരമായ പങ്കാണ് വഹിച്ചത്. സംസ്‌കൃതത്തിലെയും വേദങ്ങളിലെയും ഉപനിഷത്തുകളിലെയും പുരാണങ്ങളിലേയും അറിവുകള്‍ ചെരുപ്പുകുത്തിയുടെയും മുക്കുവന്റെയും കുടിലുകളില്‍ എത്തിക്കണമെന്ന സന്ദേശമാണ് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചത്.
1995ല്‍ വ്യാസവിദ്യാപീഠത്തില്‍ അധ്യാപകനായിരിക്കെ ഇടുക്കി വട്ടവടയിലെ വനവാസി മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കുട്ടികള്‍ക്ക് ഓണ സമ്മാനവുമായി പോയിരുന്നു. വസ്ത്രങ്ങളും സാധനങ്ങളുമായിട്ടാണ് അവിടെ പോയത്. ഇരിക്കാന്‍ ഒന്നുമില്ലാതെ പഞ്ചസാര ചാക്കുകള്‍ വിരിച്ച് അതില്‍ ഇരുന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പഠനം നടത്തിയിരുന്നത്. ഇതുപോലെ സമര്‍പ്പിതരായ അധ്യാപകരെ കണ്ടപ്പോള്‍ വലിയ ബഹുമാനം തോന്നി. നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്നു ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇരിക്കാന്‍ ഉണങ്ങിയ പഞ്ചസാര ചാക്കുകള്‍ കിട്ടിയിരുന്നെങ്കിലെന്നാണ് അവര്‍ പറഞ്ഞത്. ഒരു ചാക്കുപോലും അവര്‍ക്ക് അഡംബരമാണ്. എപ്പോള്‍ വേണമെങ്കിലും കാട്ടാനകള്‍ വന്നു തകര്‍ക്കാവുന്ന കുടിലുകള്‍. അവിവാഹിതരും സമര്‍പ്പിതരുമായ അധ്യാപകര്‍. അവര്‍ ചെയ്യുന്ന സേവനങ്ങള്‍ക്കുമുമ്പില്‍ തങ്ങള്‍ ഒന്നുമല്ലായെന്ന തിരിച്ചറിവാണ് അവിടെ നിന്നും ലഭിച്ചതെന്ന് നടേശന്‍ പറയുന്നു. തിരിച്ചുപോകുമ്പോള്‍ റോഡില്‍ മണ്ണിടിഞ്ഞ് രണ്ടുദിവസം ഒറ്റപ്പെട്ട് കിടന്നപ്പോള്‍ രക്ഷകരായത് ഇതേ വനവാസികളായിരുന്നു.
ജനാഭിവൃദ്ധിക്ക് അനുഗുണമായി ഇവിടെ സംസ്‌കൃതം വളരേണ്ടതുണ്ടെന്ന് നടേശന്‍ പറയുന്നു. ”സംസ്‌കൃത ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവിടെ അനാചാരങ്ങള്‍ ഉണ്ടാക്കുന്നതും ദാര്‍ശനിക പരിവേഷം നല്‍കുന്നതും. ഇതിലെ പൊള്ളത്തരങ്ങളും ഇതിന്റെ ശരിയായ വശമെന്താണെന്നും കാണിച്ചുകൊടുക്കേണ്ടതുണ്ട്. അതിനായി എല്ലാവരിലും സംസ്‌കൃതം എത്തേണ്ടതുണ്ടെന്നും നടേശന്‍ പറഞ്ഞു. വിവേകാന്ദ സ്വാമികളുടെ സന്ദേശമാണ് ഇതിലൂടെ നിര്‍വഹിക്കാന്‍ ശ്രമിച്ചത്.”
- ഭാഷാസേവനങ്ങളും അംഗീകാരങ്ങളും
സംസ്‌കൃത ഭാഷയുടെയും, ശ്രീനാരായണ-ശ്രീശങ്കര ദര്‍ശനങ്ങളുടെയും പ്രചാരകന്‍ എന്നീ നിലകളില്‍ ഈ രംഗത്തെ സംഭാവനകള്‍ മാനിച്ച് ആഗമാനന്ദ പുരസ്‌കാരം, എം.കെ.കെ. നായര്‍ സ്മാരക പണ്ഡിതരത്നം പുരസ്‌കാരം എന്നിവ നടേശന്‍ മാഷിന് ലഭിച്ചിട്ടുണ്ട്. വീരശൈവരുടെ പ്രാമാണിക ഗ്രന്ഥമായ സിദ്ധാന്തശിഖാമണി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു. വീരശൈവ പരമ്പരയിലെ പരമാചാര്യന്‍ ആദ്യമായി കേരളത്തില്‍ വരുന്നത് ഈ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു. 15 പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ മുന്നൂറോളം ലേഖനങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുകയും 400 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ എന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുന്നതിനിടയിലും പോകുന്നയിടങ്ങളിലെല്ലാം സംസ്‌കൃത പ്രചാരണവും വിവിധ വിഷയങ്ങളില്‍ പ്രഭാഷണവും നടത്താറുണ്ട്.
കാലടി യൂണിവേഴ്സിറ്റിയില്‍ അന്തര്‍ദേശീയ ശ്രീശങ്കര പഠനകേന്ദ്രം ജോയിന്റ് ഡയറക്ടര്‍. സംസ്‌കൃതപ്രചാരണ വിഭാഗം കോര്‍ഡിനേറ്റര്‍, എഡ്യൂക്കേഷന്‍ വിഭാഗം മേധാവി, സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ എന്നിങ്ങനെയുള്ള വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി അമൃത യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ അഡ്ജന്റ് ഫാക്കല്‍റ്റി, എസ് വ്യാസ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചിയിലെ പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അക്കാദമിക് മെമ്പര്‍, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി യുജി, പിജി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അമൃത ഭാരതീ വിദ്യാപീഠം സംസ്ഥാന പ്രസിഡന്റ്, സംസ്‌കൃത ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം, പൂങ്കുന്നം വിവേകാനന്ദ വിജ്ഞാനഭവനം എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആധ്യാത്മിക ക്ലാസുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
അക്കാദമിക് തലത്തില്‍ നടേശന് എന്നും വഴികാട്ടിയായിരുന്നത് പ്രൊഫ. ജി. ഗംഗാധരന്‍ നായരാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തിയാണ് വ്യാകരണത്തില്‍ പിഎച്ച്ഡി നേടിയത്. രാഷ്‌ട്രീയമോ മതപരമോ ജാതിപരമോ ആയ വേര്‍തിരിവില്ലാതെ ശിഷ്യന്മാരെ കണ്ട് വിദ്യ പകര്‍ന്നു നല്‍കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം എന്നും ശിരസ്സാവഹിച്ചിട്ടുണ്ടെന്നും നടേശന്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയത് ഡോ. കാരുമാത്ര വിജയന്‍ തന്ത്രികളാണ്. ശ്രീനാരായണ ഗുരുദേവന്‍ ഭാരതീയ ഋഷിപരമ്പരയുടെ കണ്ണിയാണെന്നും, ഗുരുവിന്റെ സംഭാവനകളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുത്തതും കാരുമാത്ര വിജയന്‍ തന്ത്രികളാണ്. ഗുരുദേവന്റെ അറുപതിലേറെ കൃതികള്‍ പഠിക്കുകയും അവയെല്ലാം അറുപതിലേറെ തവണ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം ലഭിച്ച ഗുരുത്വമാണ് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അനുഗ്രഹമായിട്ടുള്ളതെന്നും നടേശന്‍ പറയുന്നു. കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാലയുടെ അനൗപചാരിക സംസ്‌കൃത പഠനപദ്ധതിയുടെ ദേശീയ തലത്തിലുള്ള അധ്യാപക പരിശീലകനും, ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക പ്രസ്ഥാനമായ പാഞ്ചജന്യ ഭാരതത്തിന്റെ ദേശീയ വൈസ് ചെയര്‍മാന്‍ എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: