ഒറീസയിലെ റൈരംഗപൂര് ആവേശതിമിര്‍പ്പിലാണ്. അവിടെനിന്നും ഒരു വനവാസി വനിത രാഷ്ട്രത്തിന്റെ പ്രഥമ വനിതയാകാന്‍ പോകുന്നു. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നത് തിങ്കളാഴ്ചയാണ്. നേരിട്ടുള്ള മത്സരം. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥിയായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുമുണ്ട്. ബിജെപിയെ തൊടുന്നവനെപ്പോലും തൊടില്ലെന്ന് വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ യശ്വന്ത് സിന്‍ഹയ്ക്കായി വോട്ടുചെയ്യുന്നത് കൗതുകകരമാണ്.
റൈരംഗപ്പൂരിലെ പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിലേക്ക്. അവിടെ ബ്രഹ്മകുമാരി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണു നല്‍കിയത്. ”ദ്രൗപദീയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ ഞങ്ങള്‍ക്കു വലിയ സന്തോഷമാണുള്ളത്. ഗവര്‍ണറായപ്പോഴും അവര്‍ ലളിത സ്വഭാവക്കാരിയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരാള്‍..”, പിന്നീട് സാന്താള്‍ ഗോത്ര വര്‍ഗക്കാരുടെ ജഹീറയെന്ന ആരാധനാ കേന്ദ്രത്തിലും ദര്‍ശനം നടത്തി. ദ്രൗപദീയുടെ പേരു പ്രഖ്യാപിച്ച ശേഷം റൈരംഗപ്പൂര് ആവേശക്കടലിലാണ്. രാഷ്ട്രീയ നേതാവും എംഎല്‍എയും മന്ത്രിയും ഗവര്‍ണറുമൊക്കെയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ദ്രൗപദിക്ക് ജനപ്രതിനിധിയെന്ന നിലയ്ക്കും ഭരണാധികാരിയെന്ന നിലയ്ക്കും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികമാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയുള്ള അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതി സ്ഥാനത്തെത്തുന്ന വനിതയെന്ന ബഹുമതിയും കരസ്ഥമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെക്കുറിച്ച് പറഞ്ഞത് ഏറെ അര്‍ത്ഥപൂര്‍ണമാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവര്‍ക്ക്, ദ്രൗപദിയുടെ ജീവിതത്തില്‍നിന്ന് കരുത്താര്‍ജിക്കാന്‍ കഴിയുമെന്നും അവര്‍ മികച്ച രാഷ്ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ദ്രൗപദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്. ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്നിന്നുള്ളവര് ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഒരു ജനതയെന്ന നിലയ്ക്ക് ഭാരതീയര്‍ക്ക് മുഴുവന്‍ അതില്‍ അഭിമാനിക്കാം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. പഞ്ചായത്തില്‍ അംഗമായി തുടങ്ങിയ ദ്രൗപതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ആനയിക്കപ്പെടുകയാണ്. പൊതുവേ അവഗണിക്കപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ള വലിയ പരിഗണന എന്നതിലുപരി വനവാസി പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രപതിസ്ഥാനത്തെത്തിക്കുക എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൂടി പ്രകടമാവുകയാണ്. രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി രാഷ്ട്രപതിഭവനിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു വനിത എത്തുന്നു എന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ യശസ് വര്‍ദ്ധിപ്പിക്കുമെന്നു തീര്‍ച്ചയാണ്.
ശരദ്പവാര്‍ മുതല്‍ ഗോപാല്‍കൃഷ്ണ ഗാന്ധിവരെ നിരവധി നേതാക്കള്‍ ഒഴിഞ്ഞുമാറിയതോടെയാണ് യശ്വന്ത് സിന്‍ഹയ്ക്ക് മത്സരിക്കാന്‍ നറുക്കുവീണത്. ഐഎഎസില്‍ നിന്നും പിരിഞ്ഞ സിന്‍ഹ അതിന്റെ പക്വതയും പാകതയും പ്രകടിപ്പിക്കുന്നതല്ല അഭിപ്രായങ്ങള്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് ചേരാത്ത പ്രസ്താവനയാണദ്ദേഹം നടത്തിയത്. ദ്രൗപതി ഒരു റബര്‍ സ്റ്റാമ്പാതിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു മാന്യ വനിത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ട പശ്ചാത്തലത്തില്‍. ആദിവാസി പിന്നാക്ക വിഭാഗങ്ങളോടു കാണിക്കുന്ന കേവല പരിഗണന എന്നതിനുപരി സ്ത്രീസമൂഹത്തോടുള്ള ആദരവായും അത്തരത്തിലൊരു സമീപനം വാഴ്ത്തപ്പെടും.
അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു ഒഡീഷയില്‍ മന്ത്രിയായും തൊട്ടടുത്ത സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായുമുള്ള ഭരണപരിചയവുമുണ്ട്. സ്വാതന്ത്ര്യാനന്തരം ജനിച്ച ഒരു നേതാവ് ആദ്യമായി രാഷ്ട്രപതി പദത്തിലെത്താന്‍ പോകുന്നതും ആദ്യമായാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയൊരു ചരിത്രമാകും ഇതോടെ എഴുതപ്പെടുക. വിജയം കൂടുതല്‍ ഉജ്വലമാകുന്ന സംഭവഗതികളാണുണ്ടാവുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന് നിശ്ചയിക്കാന്‍ മുന്നിട്ടിറങ്ങിയത് മമത ബാനര്ജിയായിരുന്നല്ലൊ. യശ്വന്ത് സിന്‍ഹയെ തീരുമാനിക്കുന്ന യോഗത്തിനവര് എത്തിയില്ല. മാത്രമല്ല, സ്ഥാനാര്‍ത്ഥി ബംഗാളില്‍ വരേണ്ടെന്നും പറയുന്നു. ദ്രൗപതിയെ തഴയാന്‍ കഴിയാത്തതുതന്നെ കാരണം. ശരത് പവാറിന്റെ കൂട്ടാളിയായ ശിവസേനയുടെ പിന്തുണയും ദ്രൗപതിക്ക്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, തെലുങ്കുദേശം പാര്‍ട്ടിയും ഉറച്ചപിന്തുണയാണ് ദ്രൗപതിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ദ്രൗപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുശേഷം ദല്‍ഹിക്കു പുറപ്പെടും മുമ്പു ക്ഷേത്ര ദര്‍ശനം നടത്തി. മയൂര്ഭഞ്ജിനടുത്ത് റൈരംഗപ്പൂരിലെ ജഗന്നാഥ ക്ഷേത്രത്തിലും ഹനുമാന്, ശിവക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ അവര്‍ തൊഴുതു പ്രാര്‍ഥിക്കും മുമ്പു പുരന്ദേശ്വരി ശിവക്ഷേത്ര പരിസരം, പലപ്പോഴും ചെയ്യാറുള്ളതുപോലെ അടിച്ചുവാരി വൃത്തിയാക്കി. മഹാദേവനു മുമ്പില്‍ നമസ്കരിച്ചു. അവര്‍ക്കൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. 2000ല്‍ ആദ്യമായി എംഎല്‍എയായത് റൈരംഗപ്പൂരില്‍ നിന്നാണ്. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നതും ജീവിതത്തില്‍ നിന്നു തന്നെ കാലം മാറിമറിയുന്നു. നമ്മുടെ രാജ്യവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന് നവഭാരതത്തിന്റെ സൃഷ്ടിക്കായി ഒരു യുഗപിറവി. അതങ്ങിനെയാണ്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: