കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗൊതബയ രാജപക്സെ അയച്ച രാജി സ്പീക്കര്‍ അംഗീകരിച്ച് മണിക്കൂറുകള്‍ക്കകം ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ശനിയാഴ്ച പാര്‍ലമെന്റ് യോഗം ചേരുമെന്നും ഏഴ് ദിവസത്തിനകം ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും സ്പീക്കര്‍ മഹിന്ദ യാപ്പ അബേവര്‍ധനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് പാര്‍ലമെന്റിന്റെ് അംഗീകാരത്തോടെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ കഴിയും. ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമായതോടെയാണ് ഗൊതബയ രാജ്യം വിട്ട് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി, പ്രധാനമന്ത്രിയുടെ വസതി തീവച്ച് നശിപ്പിക്കുകയും ചെയ്തു.
ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഗൊതബയ രജപക്സെ വ്യാഴാഴ്ച രാത്രി രാജിക്കത്ത് ഇമെയില്‍ ചെയ്തതത്. അതേസമയം കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്ന ഗൊതബയ പിന്നീട് സിംഗപ്പൂരിലെത്തിയിരുന്നു. എന്നാല്‍, ഗോടബയ അഭയം ആവശ്യപ്പെടുകയോ തങ്ങള്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂര്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: