ചിലത് അങ്ങിനെയാണ്. എത്ര അന്വേഷിച്ചാലും ഒരെത്തുംപിടിയും കിട്ടില്ല. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ച സംഭവങ്ങളും നിരവധി. അതുകൊണ്ട് മാലോകര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തില്‍ കഷ്ടനഷ്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഒന്നും കാണാന്‍ ഇടയില്ല. പക്ഷേ അതുണ്ടാക്കുന്ന ഏടാകൂടങ്ങള്‍ ചില്ലറയാണോ? എകെജി സെന്ററുമായി ബന്ധപ്പെട്ട സ്‌ഫോടനം തന്നെയെടുക്കാം. സംഭവം നടന്നിട്ട് രണ്ടാഴ്ച തികയാന്‍ പോകുന്നു. എന്തൊക്കെയായിരുന്നു കോലാഹലം.
രാത്രി പതിനൊന്നുമണിക്കുശേഷമായിരുന്നു സംഭവം. ബൈക്കിലെത്തിയ ‘പഹയന്‍’ ഒരു സാധാനം എകെജി സെന്ററിന്റെ കവാടത്തിനുനേരെ ഒരൊറ്റ ഏറ്. കവാടത്തില്‍ തട്ടി അതങ്ങ് പൊട്ടി. വല്ലാത്ത ശബ്ദം. നടുങ്ങിപ്പോയി എകെജി സെന്റര്‍ എന്ന് ശബ്ദം കേട്ട ഉടന്‍ എത്തിയ പി.കെ.ശ്രീമതി. സംശയമില്ല ഇത് കോണ്‍ഗ്രസ് കിങ്കരന്‍മാര്‍ എറിഞ്ഞതെന്ന് ഇ.പി. ജയരാജന്‍. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ത്തുന്നു. നാടാകെ കലാപം.
കെപിസിസി ആഫീസായ ഇന്ദിരാഭവനിനുനേരെയും അക്രമം. കല്ലേറ്. നാടാകെ സംഘര്‍ഷം-തലങ്ങും വിലങ്ങും തല്ല്. ചിലര്‍ക്കൊക്കെ പരിക്കേറ്റു. ഓഫീസുകള്‍ കത്തി. കൊടിമരങ്ങള്‍ തലകീഴായി കൂപ്പുകുത്തി. നേതാക്കളുടെ നെടുനീളന്‍ വാചകമടികള്‍. ഇ.പി.ജയരാജന്‍ കൊമ്പുതാഴ്‌ത്തി. അദ്ദേഹം എപ്പോഴും അങ്ങിനെയാണല്ലൊ. വിമാനത്തിലെ മുദ്രാവാക്യം വിളിയെ മുഖ്യമന്ത്രിയെ കൊല്ലാന്‍ കരുതികൂട്ടി വന്ന കോണ്‍ഗ്രസുകാരാണത് ചെയ്തതെന്നാണല്ലോ ആദ്യം പറഞ്ഞത്. അതില്‍ പിന്നീട് ഉറച്ചുനിന്നില്ല. അതുപോലെ ഇതും. കോണ്‍ഗ്രസുകാരാണ് ബോംബെറിഞ്ഞതെന്ന വാദം വഴിയിലിട്ടു. ഇപ്പോള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണ്.
ആദ്യം ചുവന്ന സ്‌കൂട്ടറില്‍ വന്നയാളാണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഒരാളുകൂടിയുണ്ട് എന്ന് പിന്നീട് പറഞ്ഞു. അതുംമാറ്റി. ചുവന്ന സ്‌കൂട്ടര്‍ തട്ടുകടക്കാരന്റേതെന്ന് പറഞ്ഞ് അയാളെ ഒഴിവാക്കി. യഥാര്‍ത്ഥ വില്ലനാരെന്ന് ഇപ്പോഴും ഒരുനിശ്ചയവുമില്ല.
മൂന്നരവര്‍ഷം മുന്‍പ് ഇതുപോലൊരു സംഭവമുണ്ടായി. പക്ഷേ അത് ബോംബേറല്ല. തീവയ്പ്. ഷിബുസാമിയുടെ ആശ്രമം കത്തിച്ചു എന്നായിരുന്നു വാര്‍ത്ത. 2018 ഒക്ടോബര്‍ 27 നായിരുന്നു അത്. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളുമെല്ലാം ആശ്രമത്തിലേക്ക് തീര്‍ത്ഥാടനം പോലെ ഒഴുകി. തീയിട്ടത് സംഘപരിവാര്‍ തന്നെ.
ആശ്രമത്തിലെ കാറുകള്‍ക്കു തീപിടിച്ച സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. മൂന്ന് വര്‍ഷവും 8 മാസവും അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിക്കാത്തതിനാലാണ് കുണ്ടമണ്‍കടവിലെ ‘സാളഗ്രാമം’ ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നത്. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു തീരുമാനം.
അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ദുഃഖകരമാണെന്നും പ്രതിയെ പിടിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും സ്വാമി പ്രതികരിച്ചു. ആശ്രമം സ്വയം കത്തിച്ചതാണെന്ന പ്രചാരണത്തിനു ശക്തി പകരാനാണ് പൊലീസിലെ ചിലര്‍ ശ്രമിച്ചതെന്നും തീപിടിത്തത്തിലൂടെ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും നേതാക്കളും ആശ്രമത്തിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. ശബരിമല യുവതീപ്രവേശന വിഷയം കത്തി നില്‍ക്കുകയും സന്ദീപാനന്ദഗിരി യുവതീപ്രവേശത്തെ അനുകൂലിക്കുകയും ചെയ്തിരുന്നതിനാലാണ് സംഘപരിവാറാണ് അക്രമത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നത്.
ആദ്യം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും പിന്നാലെ െ്രെകംബ്രാഞ്ചും അന്വേഷണം നടത്തി. പക്ഷേ കത്തിച്ചതാരെന്നു കണ്ടെത്താനായില്ല. പെട്രോളൊഴിച്ചാണു കത്തിച്ചതെന്നു മാത്രമാണ് വ്യക്തമായത്. വിരലടയാളം കിട്ടിയില്ലെന്ന് അന്വേഷണസംഘം പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും സംശയാസ്പദമായ ഒരാളെപ്പോലും കണ്ടെത്തിയില്ല. ഇതോടെയാണ് കേസ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ പോലീസിന്റെ വീഴ്ചയാണെല്ലാകുഴപ്പത്തിനും കാരണമെന്നാണ് സ്വാമിയുടെ പക്ഷം. ഇന്‍ഷുറന്‍സ് കാശ് കിട്ടിയില്ലെന്ന ആവലാതിയുമുണ്ട്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ബോധപൂര്‍വം കത്തിച്ചതാണെന്ന സംശയം അന്നുതന്നെ ഉണ്ടായിരുന്നു. അതാണിപ്പോള്‍ വ്യക്തമായിരിക്കുന്നത്. കേസ് പിന്‍വലിക്കാനുള്ള പോലീസ് തീരുമാനത്തെ പരിഹസിച്ച ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സ്വാമി ഏറെ കലിപ്പിലാണ്. ‘തത്വമസി, അത് നീ തന്നെയാകുന്നു’ എന്ന സുരേന്ദ്രന്റെ കമന്റിനെതിരെ സ്വാമി പ്രതികരിച്ചിരിക്കുന്നു. ‘ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞയാളല്ലെ. മറുപടി അര്‍ഹിക്കുന്നില്ല’ എന്നാണ് സ്വാമിപക്ഷം. നോക്കണേ ഓരോരോ ഏടാകൂടങ്ങള്‍. ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിക്കുന്നയാളാണ് മുഖ്യമന്ത്രി. അദ്ദേഹം നേരിട്ട് വിലയിരുത്തിയ കേസിലാണ് ഈ ദുര്‍ഗതി. ഒറ്റച്ചങ്കനായിരുന്നുവെങ്കില്‍ എന്താകും സ്ഥിതി!
പക്ഷേ, ഗാന്ധിജിയുടെ ചുമരില്‍ തൂക്കിയ ചിത്രം കല്പറ്റയില്‍ താഴേക്ക് വീണതെങ്ങിനെ എന്നതിനെക്കുറിച്ച് വ്യക്തതയായി. രാഹുലിന്റെ ഓഫീസില്‍ കയറി ലങ്കാദഹനം നടത്തിയ എസ്എഫ്‌ഐക്കാര്‍ സ്ഥലം വിട്ടശേഷവും ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. പോലീസ് ഫോട്ടോയില്‍ അത് വ്യക്തമാണെന്ന് മുഖ്യമന്ത്രി. അതിനുശേഷം കയറിയത് കോണ്‍ഗ്രസുകാര്‍. അപ്പോള്‍ ചിത്രം താഴെ ഇട്ടത് ആരെന്ന് വ്യക്തം. അങ്ങിനെയല്ല പയ്യന്നൂര്‍ കോണ്‍ഗ്രസ് ആഫീസിലെ ഗാന്ധി പ്രതിമ. പ്രതിമയുടെ തലവെട്ടി താഴെ ഇട്ടു. അതില്‍ ഇപ്പോള്‍ സംശയമില്ല മുഖ്യമന്ത്രിക്കും പോലീസിനും. പ്രതികളാരെന്ന് ഉറപ്പിച്ചു. പിടികൂടുകയും ചെയ്തു. നോക്കണേ ഓരോരോ കുന്തവും കുടച്ചക്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: