തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചപ്പോള്‍ സ്ഫോടനമുണ്ടാവുകയും രണ്ടു പേര് മരണമടയുകയും ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പോലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
വിഷയദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണമെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞു. ഒരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി. അതില്‍ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ഈ സഭയില്‍ ഉന്നയിക്കാനാണ് അവതാരകന് ശ്രമിച്ചുകാണുന്നത്.ഈ നോട്ടീസില്‍ ‘സി പി ഐ എം കേന്ദ്രത്തില്‍ നിന്ന്’ എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്ശിച്ചില്ലേയെന്നും അദേഹം ചോദിച്ചു.
കേരളത്തില്‍ ക്രമസമാധാന നില ഭദ്രമായി പരിപാലിക്കപ്പെടുന്നുവെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണ്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ ഉയര്‍ന്നുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: