കൊളംബോ : സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ആഭ്യന്തര പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രാദേശിക ചാനലായ രൂപവാഹിനിയുടെ സംപ്രേഷണം നിര്‍ത്തിവെച്ചു. പ്രതിഷേധക്കാര്‍ ചാനലിന്റെ ഓഫീസ് കൈയ്യേറിയതിനെ തുടര്‍ന്നാണ് സംപ്രേഷണം നിര്‍ത്തിവെച്ചത്. പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെച്ചൊഴിയാതെ പ്രതിഷേധ നടപടികള്‍ അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്.
പ്രതിഷേധക്കാര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചെത്തുകയും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും കൂടി ചെയ്തതോടെയാണ് താത്കാലികമായി സംപ്രേഷണം നിര്‍ത്തിവെച്ചത്. അതേസമയം പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റ് മന്തിരവും കൈയ്യടക്കി. പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രശ്ന സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോതബായ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ബുധനാഴ്ച ഗോതബായ രാജിവെയ്ക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ കുടുംബാംഗങ്ങള്‍ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലെ സര്‍ക്കാരാണെന്നും പ്രസിഡന്റ് രാജിവെച്ചൊഴിയാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: