പാട്ന: കുര്‍ത്തയും പൈജാമയും ധരിച്ചതിന് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി. ബിഹാറിലെ ലഖിസാരായി ജില്ലയിലാണ് സംഭവം. സ്കൂളില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ ജില്ലാ മജിസ്ട്രേറ്റ് ഹെഡ്മാസ്റ്റര് നിര്ഭയ്കുമാര് സിങ്ങിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. അധ്യാപകന്റെ ലുക്കില്ലെന്ന് ആരോപിച്ചാണ് നടപടി.
വസ്ത്രത്തിന്റെ പേരില്‍ നിര്‍ഭയ് കുമാര്‍ സിങ്ങിനെ ലഖിസാരായി ഡിഎം സഞ്ജയ് കുമാര്‍ സിങ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ജൂലൈ ആറിന് സദാര്‍ ബ്ലോക്കിന് കീഴിലുള്ള ബല്‍ഗുദാര്‍ ഗ്രാമത്തിലെ ഹൈസ്കൂളില്‍ പരിശോധനയ്ക്കിടെയാണ് ഡിഎം, ഹെഡ്മാസ്റ്ററോട് കയര്‍ത്തത്. ‘നിങ്ങള്‍ ഒരു ടീച്ചറെപ്പോലെയാണോ? താങ്കള്‍ ഏതോ പ്രാദേശിക പാര്‍ട്ടിയുടെ ജനപ്രതിനിധിയാണെന്നാണ് ഞാന്‍ കരുതിയത്.’ ക്ലാസ് മുറികളില്‍ ശരിയായ വെളിച്ചമില്ലാത്തതില്‍ ഡിഎം അസ്വസ്ഥനായിരുന്നു, ചോദ്യങ്ങള്‍ക്ക് ഹെഡ്മാസ്റ്റര് നല്കിയ മറുപടികളിലും അദ്ദേഹം തൃപ്തനായില്ല.
അതേസമയം ധോത്തി-കുര്‍ത്തയും കുര്‍ത്ത-പൈജാമയും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളാണെന്നും അവ ധരിച്ചതിന്റെ പേരിലാണ് നടപടിയെങ്കില്‍ അംഗീകരിക്കാനാകില്ലെന്നും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് അമിത് വിക്രം പറഞ്ഞു, ”ബീഹാറില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് ഉണ്ട്. എന്നാല്‍ ഇത് അദ്ധ്യാപകന്റെ ശമ്പളം നിര്‍ത്തലാക്കാനുള്ള കാരണമല്ല.’ അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: