ചാഴൂർ (തൃശൂർ ) : പാടശേഖരത്ത് കൊയ്യാനും മെതിക്കാനും മാത്രമല്ല കറന്റുണ്ടാക്കാനും കഴിയുമെന്നും പറഞ്ഞ് തുടങ്ങിയ പദ്ധതി പെരുവഴിയിലായി. 60 ലക്ഷം രൂപ ചിലവഴിച്ച് തൃശൂർ പുള്ള് പാടശേഖരത്തിൽ സ്ഥാപിച്ച സംസ്ഥാനത്തെ കോൾ മേഖലയിലെ തന്നെ ആദ്യത്തെ സോളാർ പ്ലാന്റാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം നോക്കുക്കുത്തിയായത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പാടശേഖരത്ത് പമ്പിങ്ങ് നടത്താനായിരുന്നു പദ്ധതി.
ആലപ്പാട് – പുളള് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള കോൾപ്പടവിലാണ് 50 കിലോവാട്ട് ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉദ്പാദന ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ച് കഴിഞ്ഞ വർഷം വിജയകരമായി ട്രയൽ റൺ പൂർത്തീകരിച്ചത്. ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാൽ അത് ഇതുവരെ നടപ്പായില്ല.
മനക്കൊടി – പുള്ള് പാലത്തിന് സമീപമുള്ള മോട്ടോർ പുരയോട് ചേർന്നുള്ള കനാൽ ബണ്ടിൽ 10 തൂണുകളിൽ ഉറപ്പിച്ച ഫ്രെയിമുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. കൃഷിയാവശ്യങ്ങൾക്കായി പാരമ്പര്യേതര ഊർജം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് അനെർട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കണ്ണൂർ ആസ്ഥാനമായുള്ള റെയ്ഡ്കോയുടെ ചുമതലയിലാണ് സോളാർ പ്ലാന്റ് നിർമ്മാണം.
പ്ലാന്റ് വിജയകരമായാൽ ഈ മാതൃക സംസ്ഥാനത്തെ കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അനെർട്ട് പദ്ധതിയിട്ടിരുന്നത്. പാടശേഖരത്തെ സോളാർ പ്ലാന്റ് വഴി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് നേരിട്ട് കൈമാറുകയും പാടശേഖരത്ത് മോട്ടോർ വച്ച് പമ്പ് ചെയ്യുന്നതിനാവശ്യമായ വൈദ്യുതിയുടെ തുക കഴിച്ച് ബാക്കി സംഖ്യ കെഎസ്ഇബിയിൽ നിന്ന് പാടശേഖര സമിതിക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
പാടശേഖരത്തെ പമ്പിങ്ങിനു വേണ്ട വൈദ്യുതി ചാർജ് കൃഷിവകുപ്പു മുഖാന്തിരം കെഎസ്ഇബി യിലേക്കു നൽകേണ്ടത് ഒഴിവാകുന്നതു വഴി സർക്കാരിന് വൻ സാമ്പത്തിക നേട്ടവും സോളാർ വൈദ്യുതി വിറ്റ് പാടശേഖര സമിതിക്ക് ലഭിക്കുന്ന തുക കർഷകർക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പദ്ധതി എന്ന് കമ്മീഷൻ ചെയ്യുമെന്ന ആശങ്കയിൽ കാത്തിരിക്കുകയാണ് കർഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: