കളമശ്ശേരി: മുപ്പത്തടം എടയാര്‍ കെഎസ്ഇബിയിലെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലം കാടുകയറി നശിക്കുന്നു. 2016 സപ്തംബര്‍ അഞ്ചാം തീയതി അന്നത്തെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്ത സോളാര്‍ പ്ലാന്റ് ആണ് ഇപ്പോള്‍ കാടുകയറിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ആദ്യത്തെ സോളാര്‍ വൈദ്യുതി നിലയമാണ്.
ഇതിനു 1.25 മെഗാവാട്ട് ഉദ്പാദനശേഷിയുണ്ട്. പ്രതിവര്‍ഷം 17 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. അതിനായി 255 വാട്ട്സ് ശേഷിയുള്ള 502 സോളാര്‍പാനലുകള്‍ ഉണ്ട്. ഇതില്‍ ഉദ്പാദിപ്പിക്കുന്ന ഡിസി വൈദ്യുതിയെ എസി ആക്കുന്നതിനായി 630 കിലോ വാട്സ് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. എട്ടു കോടി ചെലവാക്കി കേന്ദ്ര പദ്ധതി പ്രകാരമാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
കെഎസ്ഇബി ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം ഇത് കാടുകയറി നശിക്കുന്നു. ഇതേ ജില്ലയിലുള്ള നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്നത് ലോകത്തിനു തന്നെ അഭിമാനമാണ്. വൈദ്യുതി ഉത്പാദന ചെലവ് കൂടുതല്‍ എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുന്ന പദ്ധതിയാണ് സോളാര്‍. എന്നാല്‍ ഇത് കാടുകയറിയതുമൂലം പാനലുകളില്‍ സൂര്യപ്രകാശം പതിക്കില്ല. ഇതു മൂലം വൈദ്യുതി ഉത്പാദനം കാര്യക്ഷമമായി നടക്കില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും, സാമ്പത്തിക ബുദ്ധിമുട്ടും ഉള്ളതുകൊണ്ടാണ് യഥാസമയം പരിപാലിക്കാന്‍ കഴിയാത്തത് എന്ന് ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: