തൃശൂര്‍: മണ്ണുത്തി വെറ്റിനറി കോളേജ് ഫാമിലെ പശുക്കളെ പട്ടിണിക്കിട്ട് തൊഴിലാളികള്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. യൂണിയന് നേതാക്കളും ഫാം മേധാവിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇന്ന് മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫാമിലെ പശുക്കളെ പട്ടിണിയിലാക്കി തൊഴിലാളികള്‍ മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങിയത്. അന്ന് മുതല്‍ ഫാമിലെ പശുക്കള്‍ക്കും തീറ്റയും വെള്ളവും ലഭിക്കാതെ ദുരിതത്തിലായിരുന്നു. പശുക്കളെ പട്ടിണിക്കിട്ട് സമരം നടത്തുന്നതറിഞ്ഞ് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയാണ് പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി ജീവന് രക്ഷിക്കുന്നത്.
സിഐടിയു ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ മൂന്നു ദിവസമായി ഫാമില്‍ കയറാതെ സമരം നടത്തുകയായിരുന്നു. കറവയുള്ളതടക്കം നൂറോളം പശുക്കളാണ് ഇവിടെയുള്ളത്. ഇതൊന്നും പരിഗണിക്കാതെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമൊക്കെ എല്ലാ പശുക്കളെയും കറക്കാന്‍ കഴിയുന്നില്ല. ഇതോടെ പശുക്കളുടെ ആരോഗ്യവും പ്രതിസന്ധിയിലായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ നിരുത്തരവാദപരമായി പണിമുടക്കിയവര്‍ക്കെതിരെ വലിയ ജനരോഷവുമുയര്‍ന്നു. നടപടിയുണ്ടാകുമെന്ന് സര്‍വ്വകലാശാലയും വ്യക്തമാക്കി. ഇതോടെ സമരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 45 സ്ഥിരം തൊഴിലാളികള്‍ ഉള്‍പ്പെടെ 250 ഓളം തൊഴിലാളികളാണ് ഫാമിലുള്ളത്.
രാവിലെ ജോലിക്കെത്തുന്ന തൊഴിലാളി പശുവിനെ കറക്കലും വൃത്തിയാക്കലും മറ്റു ജോലികളും പതിനൊന്നോടെ പൂര്‍ത്തിയാക്കണം. പിന്നീട് ഉച്ചയ്ക്കാണ് വീണ്ടും പണികള്‍ ആരംഭിക്കുക. അത് അടുത്ത ഷിഫ്റ്റ് പ്രകാരമാണ്. എന്നാല്‍ രാവിലെ ജോലിയില്‍ പ്രവേശിച്ച ഒരു തൊഴിലാളിയോട് കറന്ന പാലിന്റെ കാന്‍ വാഹനത്തില്‍ കയറ്റാന്‍ പറഞ്ഞതാണ് പ്രകോപനമായത്. തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. പറഞ്ഞ ജോലി ചെയ്യാത്തതിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെറ്ററിനറി കോളജില്‍ തന്നെയുള്ള മറ്റൊരു ഫാമിലേക്ക് വാക്കേറ്റത്തില്പ്പെട്ടവരെ സ്ഥലം മാറ്റി. ഇതോടെയാണ് തൊഴിലാളികള്‍ കൂട്ടമായി പശുക്കളെ നോക്കാതെ സമരത്തിനിറങ്ങിയത്. പശു ഫാം അടക്കമുള്ള എല്ലാ ഫാമുകളിലെയും തൊഴിലാളികളും സമരത്തിലായിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സമരം നടത്താന്‍ പാടില്ലെന്നാണ് നിയമം.
സര്‍ക്കാര്‍ ഫാമുകളില്‍ മാനദണ്ഡമനുസരിച്ച് ഒരു തൊഴിലാളി 15 മുതല്‍ 20 പശുക്കളെ വരെ നോക്കണമെന്നാണ് നിബന്ധന. എന്നാല്‍ വെറ്ററിനറി കോളേജില്‍ 13 പശുക്കളെ നോക്കിയാല്‍ മതിയെന്നാണ് ചട്ടം. മാസം 24,000 രൂപ മുതല്‍ ശമ്പളം പറ്റുന്നവരാണ് എല്ലാ തൊഴിലാളികളും. ഇതിന് പുറമെ കറക്കുന്നതിന് അലവന്‍സായി 20 രൂപയും അര ലിറ്റര്‍ പാലും ദിവസവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: