പയ്യന്നൂര്‍: വികസനപദ്ധതികള്‍ ജലരേഖകളായി മാറിയതോടെ കോളനിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍. എടാട്ട് വള്ളുവക്കോളനിയില് കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളാണ് എങ്ങുമെത്താത്ത സ്ഥിതിയിലായത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പദ്ധതി പ്രവൃത്തികള്‍ എങ്ങുമെത്താതെ നീളുമ്പോള്‍ ഇവരുടെ ദുരിതം ചെറുതല്ല. ഇപ്പോള്‍ വെള്ളം കയറി പുറംലോകത്തു നിന്നും ഒറ്റപ്പെട്ട് കഴിയുന്ന കോളനി നിവാസികള്‍ ചോദിക്കുന്നു, പ്രഖ്യാപിച്ച വികസനം ഞങ്ങളെ എപ്പോള്‍ കരകയറ്റും. ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പെരുമ്പ പുഴയോട് ചേര്‍ന്നാണ് വള്ളുവകോളനി. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് ദേശീയ പാതയില്‍ നിന്ന് പുഴയോരം ചേര്‍ന്നുള്ള റോഡ് മഴ കനത്താല്‍ വെള്ളത്തിലാകുന്നത് പതിവാണ്. ഇപ്പോള്‍ റോഡില്‍ പുഴവെള്ളം കയറിയതോടെ കോളനി നിവാസികള്‍ക്ക് പുറം ലോകത്തെത്താനാകാതെ ഒറ്റപ്പെട്ട് കിടക്കുകയാണ്.
വികസന പദ്ധതികള്‍ ജലരേഖയോ
എടാട്ട് വള്ളുവകോളനിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പെ അനുമതിയായിരുന്നു. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളുമടക്കം നാട്ടുകാരുടെ യോഗം ചേര്‍ന്ന് എംഎല്‍എ പദ്ധതി കൊട്ടിലോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ നിര്‍മ്മിതി എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍മ്മിതികേന്ദ്രമാണ് പണി ഏറ്റെടുത്തതെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു പദ്ധതി. കോളനിയിലേക്കുള്ള റോഡ് നവീകരണം, കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, വരുമാന ദായക പദ്ധതി എന്നിവയാണ് വിഭാവനം ചെയ്തിതിരുന്നത്. എന്നാല്‍ വര്‍ഷം രണ്ടായിട്ടും നിലവിലുള്ള വായനശാല നവീകരണ പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്.
വെള്ളം കയറുന്ന തകര്‍ന്ന റോഡ്
പെരുമ്പപുഴയിലെ ജലനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ള ഇവിടത്തേക്കുള്ള റോഡ് നാശോന്മുഖമാണ്. മഴ കനത്താല്‍ പുഴവെള്ളം കവിഞ്ഞൊഴുകും. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ അരക്കോടിയുടെ വികസന പദ്ധതിയില്‍ മുഖ്യ ഇനമായിരുന്നു പുഴവക്കിലൂടെയുള്ള റോഡ് ഉയര്‍ത്തല്‍. സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ ഏറെ ഭയപ്പാടോടെയാണ് ഇതുവഴി കടന്നു പോകുന്നത്. മഴക്കാലത്ത് അധിക ദിവസവും ഇവര്‍ പുറം ലോകമറിയാതെ ഒറ്റപ്പെടുന്ന അവസ്ഥ തന്നെ. ഈ റോഡ് ത്രിതല പഞ്ചായത്ത് അടക്കമുള്ളവര്‍ക്ക് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കിക്കൂടേ എന്നാണ് ചോദ്യമുയരുന്നത്.
ശങ്കരന് കൈതപ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: